കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്രക്കാരന്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ച സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും.
സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷണം നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രാലയവും ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടും.
സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അതേസമയം എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് ഒരു ബാഗ് പോലീസിന് കിട്ടിയിട്ടുണ്ട്.
ബാഗില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള പുസ്തകങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി. ഫോറന്‍സിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് വിവരം.
ഡിജിപി അനില്‍കാന്ത് ഇന്ന് 11.30നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് തിരിക്കും. നേരത്തെ നിശ്ചയിച്ച പരിപാടിക്കായാണ് പോകുന്നതെങ്കിലും ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ഡിജിപി വിലയിരുത്തുമെന്നാണ് സൂചന.
ആക്രമണം നടന്ന ട്രെയിന്‍ നിലവില്‍ കണ്ണൂരിലാണ് ഉള്ളത്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചു നടന്ന ആക്രമണമല്ലെന്നാണ് നിഗമനം.
ഒരു പ്രകോപനവുമില്ലാതെയാണ് അക്രമി സഹയാത്രികരുടമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.