കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പു കേസിൽ എൻഐഎയ്ക്ക് മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ് (46) ആണ് മരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ മുറിയുടെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
എലത്തൂർ ട്രെയിൻ തീവെപ്പു കേസുമായി ബന്ധപ്പെട്ടു മുഹമ്മദ് ഷഫീഖിൻ്റെ മകൻ മുഹമ്മദ് മോനിയെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
ഇന്ന് രാവിലെ വീണ്ടും ഓഫീസിൽ എത്താൻ എൻഐഎ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഹമ്മദ് ഷഫീഖും മകൻ മിഹമ്മദ് മോനിയും കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്.
ഡൽഹി ഷഹീൻബാഗ് സ്വദേശിയായ പ്രതി ഷാറൂഖ് സെയ്ഫിയുടെ വീടും സമീപ സ്ഥലങ്ങളും ഉൾപ്പെടെ ഡൽഹിയിലെ ഒമ്പത് ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഫോൺ രേഖകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പ്രതി ഷാറൂഖുമായി അടുപ്പമുള്ളവരെ എൻഐഎ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
നേരത്തെ കോഴിക്കോടും കണ്ണൂരും എൻഐഎ പരിശോധന നടത്തിയിരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും എൻഐഎ അന്വേഷിച്ചു വരികയാണ്.