ട്രാക്ടർ റാലി: തീരുമാനം പൊലീസിന്റേതെന്ന് സുപ്രീംകോടതി; നിലപാട് കട‌ുപ്പിച്ച് കേന്ദ്രവും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കെതിരായി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതി നിലപാട് അറിയിച്ചത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പൊലീസാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഏത് വ്യവസ്ഥയില്‍, എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് പൊലീസിന് തീരുമാനിക്കാമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിങ്ങള്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ പറയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി പറഞ്ഞു. പൊലീസ് ആക്റ്റ് പ്രകാരം നിങ്ങള്‍ക്ക് എന്ത് അധികാരങ്ങളുണ്ടെന്ന് സുപ്രീം കോടതി പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ജനുവരി 20-ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിര്‍ദേശങ്ങളുമായി വരണമെന്നു കര്‍ഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

‘സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍, നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കര്‍ഷക യൂണിയനുകള്‍ അല്‍പംപോലും മാറാന്‍ തയാറല്ല. ജനുവരി 19ന് കര്‍ഷകര്‍ നിയമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് സാധുതയുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അവ പരിഗണിച്ച്‌ ഭേദഗതികള്‍ വരുത്തും’- തോമര്‍ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളില്‍നിന്നു മനസ്സിലാകുന്നതെന്നു കര്‍ഷകര്‍ പ്രതികരിച്ചു.

സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടിസ് നല്‍കിയതിനെയും കര്‍ഷകര്‍ അപലപിച്ചു. എന്‍ഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ‘മന്ത്രി മനഃപൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേട്ട് ഞങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്കു പോകും’- ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി യുധ്‌വിര്‍ സിങ് പറഞ്ഞു.

Related posts

Leave a Comment