റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക സമരം അട്ടിമറിക്കാനും വ്യാപക ശ്രമമെന്നു കര്‍ഷക നേതാക്കള്‍. കൃഷി നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് ഒരാളെ പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ മുഖംമൂടിധാരിയായ അക്രമിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയതിനുശേഷം കര്‍ഷകര്‍ പൊലീസിന് കൈമാറി.
ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക നേതാക്കളെ കൊലപ്പെടുത്താനും രണ്ട് സംഘങ്ങളെ പ്രതിയോഗികള്‍ നിയോഗിച്ചതായും കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധക്കാരുടെ കയ്യില്‍ ആധുധം ഉണ്ടോയെന്നു പരിശോധിക്കുകയാണ് തങ്ങളുടെ ചുമതലയെന്നും ജനുവരി 26ലെ റാലിയില്‍ നുഴഞ്ഞു കയറി ആക്രമണത്തിനു പദ്ധതിയിട്ടതായും കര്‍ഷകര്‍ ഹാജരാക്കിയ മുഖംമൂടിധാരി മാധ്യമങ്ങളോടു പറഞ്ഞു. നാല് കര്‍ഷക നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. താന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം ഇതിനായി പൊലീസിന്റെ ഒത്താശയോടെയാണ് പദ്ധതിയിട്ടതെന്നും പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേര് അക്കമിട്ടു നിരത്തുകയും ചെയ്തു.
ജനുവരി 19 മുതല്‍ രണ്ട് സംഘങ്ങളായി സിംഘു അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്നു വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ഇയാള്‍ പറയുന്നു. കര്‍ഷകരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു. വെള്ളിയാഴ്ച സംശയാസ്പദമായി രീതിയിലാണ് ഇയാളെ പിടികൂടിയതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം തുറന്നു പറഞ്ഞുവെന്നും കര്‍ഷകര്‍ അവകാശപ്പെട്ടു.
കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ 11-ാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അടുത്ത ചര്‍ച്ച എന്നു വേണമെന്ന കാര്യത്തില്‍ പോലും തീരുമാനമെടുക്കാതെയാണ് ഇരുകൂട്ടരും പിരിഞ്ഞത്. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന വാഗ്ദാനം കര്‍ഷകര്‍ തള്ളിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രം, കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കില്ലെന്നു വ്യക്തമാക്കി. അടുത്ത ചര്‍ച്ചയുടെ തീയതി നിശ്ചയിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ കര്‍ഷകര്‍ അറിയിച്ചാല്‍ മതിയെന്നും കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും വ്യക്തമാക്കി. 3 നിയമങ്ങളും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്നു കര്‍ഷകര്‍ ആവര്‍ത്തിച്ചു.
നിയമങ്ങള്‍ മരവിപ്പിക്കാമെന്ന വാഗ്ദാനം തള്ളാനുള്ള തീരുമാനം കര്‍ഷകര്‍ ആദ്യം മാധ്യമങ്ങളെ അറിയിച്ചതില്‍ കേന്ദ്രം എതിര്‍പ്പ് അറിയിച്ചു. പരമാവധി വഴങ്ങിയെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നു കര്‍ഷകരും പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച കിസാന്‍ പരേഡുമായി മുന്നോട്ടുപോകുമെന്നും പരമാവധി കര്‍ഷകരോടു ട്രാക്ടറുകളുമായി ഡല്‍ഹി അതിര്‍ത്തിയിലെത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പിന്നാലെ സംഘടനകള്‍ അറിയിച്ചു.