തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ സീനിയര്‍ അക്കൗണ്ടന്റ് എം. ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ട ഉത്തരവ് രാത്രി വൈകിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇയാളെ പിരിച്ചുവിടാന്‍ ധനവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 11ഒാടെ വഞ്ചിയൂരിലെ അഭിഭാഷകെന്റ ഒാഫിസില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തലവന് ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ എം.ജെ. സുല്ഫിക്കറിെന്റ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ബിജുലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കവെ ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചെന്ന് അസി. കമീഷണര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈന്‍ ചീട്ടുകളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്ബ് പല ഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
വിരമിച്ച ഉദ്യോഗസ്ഥെന്റ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ജില്ല കലക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയെന്നാണ് കേസ്.
കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന ബിജുലാല്‍ ബുധനാഴ്ച രാവിലെ കീഴടങ്ങാന്‍ അഭിഭാഷകെന്റ ഒാഫിസിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആദ്യം ഡിവൈ.എസ്.പി ഒറ്റക്കെത്തിയെങ്കിലും ഒാഫിസില്‍ കയറാന്‍ അഭിഭാഷകന് പൂന്തുറ സോമന് അനുവദിച്ചില്ല. മിനിറ്റുകള്‍ക്കകം മഫ്ത്തിയിലെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ബിജുലാലിനെ പിടികൂടി.
അറസ്റ്റ് രേഖപ്പെടുത്തിയ ബിജുലാലിന് കോവിഡ് പരിശോധന നടത്തി. വൈകുന്നേരത്തോടെ ട്രഷറി ഒാഫിസിലും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.