ടോള്‍ പ്ലാസയിലെ എല്ലാ ക്യാഷ് ലെയ്‌നുകളും 2021 ജനുവരി 1 മുതല്‍ ഫാസ്റ്റ് ടാഗ് പാതകളായി മാറാന്‍ പോവുകയാണ്. അത് കൊണ്ട് ടോള്‍ പ്ലാസകളില്‍ ജനുവരി 1 മുതല്‍ പണമടയ്ക്കല്‍ ഉണ്ടാകില്ല. ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി എന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീ പെയ്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന്‍ ടാപ്പിങ് സൗകര്യമുള്ള കാര്‍ഡുകളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.നിലവില്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് കാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. പ്രീപെയ്ഡ് കാര്‍ഡ് സേവനം ഇത്തരക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.