‘ ടെന്‍ഡര്‍ വിളിച്ച്‌ കുറഞ്ഞ തുക നല്‍കിയവര്‍ക്കാണ് കരാര്‍ നല്‍കിയത്, കിട്ടാത്തവരാണ് പരാതിക്കാര്‍, കുബുദ്ധികള്‍ക്ക് മറുപടിയില്ല ‘; എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

കൊച്ചി: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക കമ്ബനിയെ പദ്ധതി ഏല്‍പ്പിച്ചിട്ടില്ല.

ടെന്‍ഡര്‍ കിട്ടാത്ത കമ്ബനിക്കാരാണ് പരാതി നല്‍കിയത്. കുബുദ്ധികള്‍ക്ക് മറുപടിയില്ലെന്നും ജനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവ സാഹിത്യോത്സവത്തില്‍ സംവദിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ടെന്‍ഡര്‍ വിളിച്ച്‌ കുറഞ്ഞ തുക നല്‍കിയവര്‍ക്കാണ് കരാര്‍ നല്‍കിയത്. കിട്ടാത്തവരാണ് പരാതിക്കാര്‍. ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തേക്കും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല.

രാഷ്ട്രീയ വിരോധത്തിനപ്പുറം സൃഷ്ടിക്കപ്പെടുന്ന പുതിയ കഥകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ വലിയ പ്രചാരണം ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐ ക്യാമറ പദ്ധതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപകരാര്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുടെ കമ്ബനിക്കാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

വിവാദങ്ങള്‍ ആരംഭിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.

Related posts

Leave a Comment