ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ പരിശോധന; രേഖകള്‍ കണ്ടെടുത്തു

തൃക്കരിപ്പൂര്‍ > 150 കോടിരൂപയുടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെയും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം ടി കെ പൂക്കോയ തങ്ങളുടെയും വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പൂക്കോയ തങ്ങളുടെ ചന്തേരയിലുള്ള വീട്ടില്‍ ഒരു മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ചില രേഖകള്‍ പൊലീസ് കണ്ടെടുത്തു. കമറുദ്ദീന്റെ എടച്ചാക്കൈയിലുള്ള വീട്ടിലും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ്, ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എംഎല്‍എയും പൂക്കോയ തങ്ങളും ഒളിവിലാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ജ്വലറി തട്ടിപ്പുമായി ബന്ധപ്പെട്ടെ ഏഴ് കേസുകള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറി. 800 ഓളം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ 11 ഉം കാസര്‍കോട് സ്റ്റേഷനില്‍ അഞ്ച് കേസും എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് സിവില്‍, ക്രിമിനല്‍ കേസുകള്‍ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളില്‍ നേരിട്ട് ഹാജരാകാന്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി സമന്‍സ് അയച്ചു.

ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴുപേര്‍ ജില്ലാ പൊലീസ് ചീഫിന് നേരത്തെ പരാതി നല്‍കിയിരുന്നു. സിവില്‍ കേസായാണ് പരിഗണിച്ചത്. ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച്‌ വഞ്ചിക്കുകയും തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ക്രിമിനല്‍ കേസെടുത്തത്. ആദ്യ മൂന്ന് പരാതികളില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തുവരികയായിരുന്നു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ പണപ്പിരിവ്

2013ലാണ് എം സി ഖമറുദ്ദീന്‍ ചെയര്‍മാനും മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ചെറുവത്തൂരില്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി തുടങ്ങിയത്. പൊതുപ്രവര്‍ത്തകരെന്ന സ്വാധീനം ഉപയോഗപ്പെടുത്തി ഇവര്‍ ജ്വല്ലറിക്ക് കോടികള്‍ നിക്ഷേപമായി സ്വീകരിച്ചു. ഡയറക്ടര്‍മാരായ 15 പേരും ലീഗ് നേതാക്കളാണ്. കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ലീഗ് പ്രവര്‍ത്തകരാണ്.

2014ല്‍ കാസര്‍കോടും 15ല്‍ പയ്യന്നൂരിലും ശാഖ ആരംഭിച്ചു. 2017 മുതല്‍ ജ്വല്ലറി നഷ്ടത്തിലാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. ജ്വല്ലറിക്ക് 2019 ജൂണില്‍വരെ മുദ്രപത്രത്തില്‍ കരാര്‍ എഴുതി ലക്ഷങ്ങള്‍ സമാഹരിച്ചു. ജ്വല്ലറിയുടെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ നവീകരിക്കാനെന്നപേരില്‍ അടച്ചു. കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായെത്തിയത്.

തട്ടിപ്പ് മുന്നൊരുക്കത്തോടെ

ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ബ്രാഞ്ചും പൂട്ടിയശേഷവും എംഎല്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചു. അതിനിടെ കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും വിറ്റു. കാഞ്ഞങ്ങാട് നിര്‍മാണത്തിലിരുന്ന ഷോറൂം കഴിഞ്ഞ ഫെബ്രുവരിയില്‍ ബിനാമികള്‍ മുഖേന മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന് കൈമാറി. ബംഗളൂരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടര്‍ ഏറ്റെടുത്തു.

പണവും ലാഭവിഹിതവും ലഭിക്കാതായപ്പോള്‍ നിക്ഷേപകര്‍ പണം തിരിച്ചുചോദിച്ച്‌ തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറില്‍ വിദേശത്തേക്ക് മുങ്ങിയ എംഎല്‍എ മൂന്ന് മാസത്തിന്ശേഷം മാര്‍ച്ച്‌ രണ്ടിനാണ് തിരിച്ചെത്തിയത്. നിക്ഷേപകര്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് മധ്യസ്ഥര്‍ മുഖേന കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചക്ക് തയ്യാറായി. താന്‍ ജ്വല്ലറിയിലെ ജോലിക്കാരന്‍ മാത്രമാണെന്ന വാദമുന്നയിച്ച്‌ രക്ഷപ്പെടാനാണ് അന്ന് ശ്രമിച്ചത്.

ന്യായീകരിച്ച്‌ ലീഗ്

സാമ്ബത്തിക പ്രതിസന്ധിയാണ് ജ്വല്ലറിയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് ലീഗ് നേതാക്കളുടെ ന്യായീകരണം. അതേസമയം എംസി ഖമറുദ്ദീനോട് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related posts

Leave a Comment