തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടര്‍ ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിപിയോട് വിവരങ്ങള്‍ തേടി. ഡോക്ടര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ഉള്‍ക്കൊള്ളുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാജിവയ്ക്കുകയാണെന്നും മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.
മേയ് 14നാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിക്കെതിരെ ശക്തമായ നടപടി ഉറപ്പ് നല്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.