ജീവിത സായന്തനത്തില്‍ സിനിമയിലെത്തി, നക്ഷത്രശോഭയില്‍ ജ്വലിച്ചു നിന്ന അഭിനേതാവ്

കണ്ണൂര്‍: ഇന്നലെ വിടവാങ്ങിയ മലയാള സിനിമയിലെ മുത്തച്ഛന്‍ എന്നറിയപ്പെടുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി ജീവിത സായന്തനത്തില്‍ സിനിമയിലെത്തി മലയാള സിനിമാ രംഗത്ത് നക്ഷത്രശോഭയില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു. 98ാം വയസില്‍ കോവിഡിനെ തോല്‍പിച്ച്‌ വാര്‍ത്തയില്‍ ഇടം നേടിയതിന് പിന്നാലെയാണ് അദ്ദേഹം ഇന്നലെ ലോകത്തോട് വിടപറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നപ്പോഴും ഭാരതീയ തത്വചിന്തകളെ ബഹുമാനത്തോടെ നോക്കി കാണുകയും പാരമ്ബര്യമായി ലഭിച്ച വൈദീക താന്ത്രിക കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും കര്‍മ്മങ്ങളില്‍ നിഷ്‌കര്‍ഷ പാലിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

78ാം വയസ്സില്‍ സിനിമയിലെത്തി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തനതായ അഭിനയ ശൈലികൊണ്ട് സിനിമാ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച്‌, ജീവിത സായാഹ്നത്തിലെ രണ്ട് പതിറ്റാണ്ട് ചലചിത്ര രംഗത്ത് സജീവമായി നിലകൊണ്ട മറ്റ് നടന്മാര്‍ മലയാളത്തിലില്ലെന്ന് തന്നെ പറയാം. ഇതുതന്നെയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയെന്ന സിനിമാ അഭിനേതാവിനെ മറ്റുളള മലയാള നടന്മാരില്‍ നിന്നും വേറിട്ടു നിര്‍ത്തിയിരുന്നത്.

ചലചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവായ അദ്ദേഹം വാര്‍ദ്ധക്യത്തിന്റെ നാളുകളില്‍ സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചത് ആകസ്മികമായിട്ടായിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്ബോള്‍ 76 വയസായിരുന്നു. ദേശാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ സംവിധായകന്‍ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അവിടുണ്ടായിരുന്നു. ഇതാണ് നമ്മുടെ കഥയിലെ മുത്തച്ഛനെന്ന് അഭിപ്രായപ്പെട്ട ജയരാജ് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടു. കമലഹാസനൊപ്പം പമ്മല്‍ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യറായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ കല്യാണ രാമന്‍, രാപ്പകല്‍, ഒരാള്‍ മാത്രം തുടങ്ങിയവയാണ് ശ്രദ്ധേ ചിത്രങ്ങള്‍. മമ്മൂട്ടി നായകനായെത്തിയ ഒരാള്‍ മാത്രം, സുരേഷ് ഗോപിയുടെ കളിയാട്ടം, ദിലീപ്, ജയറാം, ശാലിനി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ കൈക്കുടന്ന നിലാവ് തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി സംവിധാനം ചെയ്ത മഴവില്ലിന്നറ്റംവരെയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

ദേശാടനത്തിലെ അഭിനയത്തിന് ശേഷം എന്ന മലയാള സിനിമയിലെ മുത്തച്ഛനായി അദ്ദേഹം മാറുകയായിരുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലൂടെ മഹത്തരമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. വളരെ ചുരുക്കം സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുളളുവെങ്കിലും അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും സിനിമാ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ദിലീപ് നായകനായി ഷാഫി സംവിധാനം ചെയ്ത കല്ല്യാണരാമനെന്ന എന്ന സിനിമയിലെ മുത്തച്ഛന്‍ എല്ലാ കാലത്തും ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്.

പോക്കിരിരാജ, മായാമോഹിനി, വസന്തത്തിന്റെ കനല്‍വഴി, അങ്ങനെ ഒരു അവധിക്കാലത്ത്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ് സ്പീക്കര്‍, ഗര്‍ഷോം, മധുരനൊമ്ബരക്കാറ്റ്, മേഘമല്‍ഹാര്‍, സദാനന്ദന്റെ സമയം, നോട്ട് ബുക്ക് തുടങ്ങിയവയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അഭിനയിച്ച മറ്റു മലയാള സിനിമകള്‍.

പ്രായത്തിനധീതമായ അഭിനയ ചാതുരിയും സിനിമയോടുളള അടങ്ങാത്ത അധിനിവേശവും കൈമുതലായി ജീവിതാവസാനംവരെ സ്വന്തം കഥാപാത്രങ്ങളിലൂടെ സിനിമാ ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related posts

Leave a Comment