‘ജീവതാഭിലാഷം പൂര്‍ത്തിയായി; ദൈവത്തിന്റെ കൈയ്യൊപ്പോടെയുള്ള വിധി; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടും’

തിരുവനന്തപുരം: അഭയ കേസിലെ വിധിയിലൂടെ പണവും സ്വാധീനവും ഉപയോഗിച്ച്‌ കോടതിയെ വിലയ്‌ക്കെടുക്കാവില്ലെന്ന് തെളിഞ്ഞെന്ന് കേസിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ദൈവത്തിന്റെ കൈയ്യൊപ്പോടെയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിയിലൂടെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം വര്‍ധിച്ചു. പണവും അധികാരവുമുണ്ടെങ്കില്‍ സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. കോടികള്‍ മുടക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും നീതിപൂര്‍വമായി സിബിഐ കോടതി വിധി പറഞ്ഞു. വിധി പ്രസ്താവനത്തിന് ശേഷം ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി എല്ലാവരും ചേര്‍ന്ന് നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്.

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നിലകൊണ്ട തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു. സഹോദരനെ കൊണ്ടുപോലും കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് ഇത്രത്തോളം ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല.

സത്യത്തിന് വേണ്ടി ഭീഷണികളെയും പീഢനങ്ങളെയും അതിജീവിച്ച്‌ അടിയുറച്ച്‌ നിന്നു. ഇന്നത്തെ ഒരുദിവസത്തിനായാണ് ഇത്രയുംകാലം കാത്തിരുന്നത്. സന്തോഷമുണ്ട്. ഇന്നു മരിച്ചാലും തന്റെ ജീവതാഭിലാഷം പൂര്‍ത്തിയായി.

അഭയയുടെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയതില്‍ സന്തോഷമുണ്ട്. അഭയയുടെ അച്ഛനെയും അമ്മയേയും സെക്രട്ടേറിയേറ്റില്‍ ധര്‍ണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ഈ കേസ് ഒരിക്കലും തെളിയാന്‍ പോകുന്നില്ലെന്നാണ് സഹോദരന്‍ അന്ന് പറഞ്ഞിരുന്നത്. സമരങ്ങളില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്തവര്‍ ഇന്ന് ചാനലുകള്‍ക്ക് മുന്നില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ജോമോന്‍ പറഞ്ഞു.

അഭയ മരിച്ച്‌ നാലാമത്തെ ദിവസം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിവെച്ച പോരാട്ടമാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കിയതില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം അട്ടിമറിച്ച്‌ അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതോടെ 1992 മാര്‍ച്ച്‌ 31നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നത്.

അഭയ കേസില്‍ വിശ്രമമില്ലാതെയും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും ജോമോന്‍ പുത്തന്‍പുരയ്ക്കലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നടത്തിയ പോരാട്ടം രാജ്യത്തെതന്നെ നിയമചരിത്രത്തിന്റെ ഭാഗമാകുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ഇത്തരമൊരു പോരാട്ടത്തിന് അനിവാര്യമല്ലെന്നും ജോമോന്‍ തെളിയിച്ചു. അഭയ കേസിനുമപ്പുറം നിരവധി കേസുകളില്‍ ഫലപ്രദമായ ഇടപെടലുകളും ജോമോന്‍ നടത്തി.

Related posts

Leave a Comment