‘ജി.എസ്.ടി നഷ്ടപരിഹാരത്തിനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്തു’; 47,272 കോടി വകമാറ്റിയെന്ന് സി.എ.ജി

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തല്‍. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2017-18 , 2018-19 സാമ്ബത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്.

കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച്‌ കോമ്ബന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തതാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് എന്നായിരുന്നു ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന. കോവിഡ് മൂലമുള്ള നികുതി വരുമാന നഷ്ടം കാരണം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താനുള്ള പണം നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ല. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് ജി എസ് ടി നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും അറ്റോണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ജി എസ് ടി കൗണ്‍സില്‍ യോഗത്തിലും പാര്‍ലമെന്റിലും നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നത്. വരുമാനനഷ്ടം നികത്താനായി വായ്പയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ പിരിക്കുന്ന നികുതി ആദ്യം എത്തുന്നത് സിഎഫ്‌ഐയിലേയ്ക്കാണ്. നികുതി വകുപ്പ് സിഎഫ്‌ഐയില്‍ നിന്ന് തുക കോമ്ബന്‍സേഷന്‍ അക്കൗണ്ടിലോട്ട് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കും. എന്നാല്‍ ഇതിന് മുതിരാതെ തുക സിഎഫ്‌ഐയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വക മാറ്റിയെന്നാണ് സിഎജി കണ്ടെത്തല്‍. ജിഎസ്ടി കോമ്ബന്‍സേഷന്‍ സെസ് ആക്‌ട് 2017 ആണ് കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചത്.

2017-18 , 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 47,272 കോടി രൂപയെങ്കിലും ഈ വിധത്തില്‍ കേന്ദ്രം കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ സി.എ.ജി പറയുന്നു. ഇതാണ് റെവന്യൂ റെസിപ്റ്റുകളുടെ ഓവര്‍ സ്‌റ്റേറ്റ്‌മെന്റിനും ധനകമ്മിയുടെ അണ്ടര്‍ സ്‌റ്റേറ്റ്‌മെന്റിനും കാരണമായത്.

Related posts

Leave a Comment