ജാഫറിന് 27 ലക്ഷത്തിന്റെ വീട് ;പകൽ ഉപകാരി; രാത്രി മോഷണം

പാലക്കാട് :  നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ ഞെട്ടലിലാണു നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്.

എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്.

കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്.

വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്തിയാണ് ഓരോ കവര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നത്.

കള്ളന്‍ കയറിയ വീടുകളില്‍ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് എത്തുമ്പോഴും നിര്‍ദേശങ്ങള്‍ നല്‍കി സജീവമാകും. കവര്‍ച്ചയ്ക്ക് കയറിയ വീട്ടിലെ കട്ടിലില്‍ ചവിട്ടിയപ്പോള്‍ സ്വര്‍ണം കിലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അങ്ങനെയാണ് രഹസ്യ അറ തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നതെന്നും തെളിവെടുപ്പിനിടെ ഇയാള്‍ സമ്മതിച്ചു.

രഹസ്യ അറയുണ്ടെങ്കിലും നല്ല കള്ളനാണെങ്കില്‍ അതു കണ്ടുപിടിക്കുമെന്ന് ജാഫര്‍ അലി നാട്ടുകാരോട് നേരത്തേ തമാശയായി പറഞ്ഞത് ഇക്കാര്യം മനസ്സിലുള്ളത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment