ജലനിരപ്പുയര്‍ന്നു, നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി , നദികള്‍ കരകവിയുമെന്ന് ആശങ്ക

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകളും തുറന്നു. രണ്ടു ഇഞ്ച് വീതമാണ് തുറന്നിരിക്കുന്നത്. ഡാമില്‍ 80.100 മീറ്റര്‍ വെള്ളമാണുള്ളത്. ഡാമിന്‍െറ സംഭരണശേഷി 84.75 മീറ്റര്‍ ആണ്. കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത് ഇന്ന് രാവിലെയോടെ ഉയരുകയായിരുന്നു. അതോടെ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയായിരുന്നു. ഞായറാഴ്ച ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തി ജലനിരപ്പ് വിലയിരുത്തിയിരുന്നു. ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20 ചെറു നദികളിലും കരകവിയുന്ന രീതിയിലാണ്.
വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്ബ് വെള്ളം പൊങ്ങിയപ്പോള്‍ ഡാം തുറന്ന് വിട്ടത് വിവാദമായിരുന്നു. വെള്ളം ഇരച്ചുകയറിയ വീടുകളിലും റോഡുകളിലും വരെ വെള്ളമായിരുന്നു. അന്നത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഡാം തുറന്നത്. വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ആ കളക്ടറെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത്.

Related posts

Leave a Comment