തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നിസാമിനെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. പ്രതികളായ ശിവ രഞ്ജിത്തും നസീമും നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി പടരാനുള്ള സാദ്ധ്യതയുണ്ടെന്നും വധഭീഷണിയുണ്ടെന്നും അതിനാല്‍ ജയില്‍ മാറ്റം വേണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
കരമനയില്‍ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയില്‍മാറ്റാന്‍ കോടതി ഉത്തരവിട്ടത്. അതേസമയം, ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകര്‍ച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനിടെ യൂണിവേഴ്‌സിറ്റി കോളജിലെ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ മോഷ്ടിച്ച കേസില്‍ ശിവരഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണിത്. സര്‍വകലാശാല അധികാരികള്‍ സീല്‍ നഷ്ടപ്പെട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.
അതേസമയം, കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി. സംഘര്‍ഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പറഞ്ഞു.