ജയലളിതയുടെ വസതിയായിരുന്ന വേദ നിലയത്തിലെ സാധനങ്ങളുടെ കണക്കുകള്‍ പുറത്ത്‌

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ സാധനങ്ങളുടെ കണക്കുകള്‍ അമ്ബരപ്പിക്കുന്നത്. ജയലളിതയുടെ വസതിയായിരുന്ന വേദനിലയത്തില്‍ നാല് കിലോ സ്വര്‍ണം ഉള്‍പ്പടെ വെള്ളി, ടിവികള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ പട്ടികയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

25 വിഭാഗങ്ങളിലായി 32,721 ഇനങ്ങളുടെ പട്ടികയാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. 14 വകഭേദങ്ങളിലായാണ് നാലു കിലോ സ്വര്‍ണ്ണമുള്ളത്. 867 വകഭേദങ്ങളില്‍ 601 കിലോയിലധികം വെള്ളിയുമുണ്ട്. 11 ടിവി, 110 റെഫ്രിജറേറ്ററുകള്‍, 38 എയര്‍ കണ്ടീഷനുകള്‍, 29 ടെലഫോണുകള്‍, 8,376 പുസ്തകങ്ങള്‍, 10,438 സാരികള്‍, തലയണക്കവറുകള്‍ കര്‍ട്ടണ്‍, പാദരക്ഷകള്‍, അടുക്കളപ്പാത്രങ്ങള്‍, അലമാരകള്‍, വൈദ്യുതി ഉപകരണങ്ങള്‍, ഉപഹാരങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഘടികാരങ്ങള്‍, ആദായ നികുതി രേഖകള്‍, പൂജാ പാത്രങ്ങള്‍ എന്നിവയും സര്‍ക്കാരിന്റെ പട്ടികയിലുണ്ട്.
പോയസ് ഗാര്‍ഡനിലെ സ്വത്ത് ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ 67.88 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വേദ നിലയത്തിന്റെ അവകാശം സ്വന്തമാക്കിയത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശം സ്വന്തമാക്കിയത്. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നടപടി ക്രമങ്ങളും നടന്നുവരികയാണ്.

ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീമുള്ള വ്യക്തിയായ അമ്മ വേദവല്ലിയോടുള്ള സ്‌നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന വിലാസമായി പോയസ്ഗാര്‍ഡനിലെ ഈ വസതി മാറി. ജയയുടെ ജീവിതം പോലെ തന്നെ വേദനിലയത്തിലെ വസ്തുക്കളും നിഗൂഢമാണെന്നാണ് ആളുകള്‍ വിലയിരുത്തിയിരുന്നത്.

Related posts

Leave a Comment