തിരുവനന്തപുരം : മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ കെ.ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിലേക്കു നയിച്ചത് ഒപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. അശ്വിന്‍(34) കുറ്റം സമ്മതിച്ചെന്നും കേസില്‍ മറ്റു പ്രതികളില്ലെന്നും ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.ബിജു അറിയിച്ചു. പെന്‍ഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹന്‍ തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ അശ്വിന്റെ കൈവശമായിരുന്നു.
ആവശ്യപ്പെട്ട പണം അശ്വിന്‍ നല്‍കാത്തതിനാല്‍ ഈ കാര്‍ഡുകള്‍ തിരികെ ആവശ്യപ്പെട്ടതാണു കയ്യാങ്കളിയെത്തുടര്‍ന്നുള്ള കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിന്‍ പിതാവിനെ ചുവരിനോടു ചേര്‍ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കില്‍ ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി.
ദീര്‍ഘനേരം ചികിത്സ കിട്ടാതെ കിടന്നതും മരണ കാരണമായെന്നാണു നിഗമനം. തമ്പി കടുത്ത ലിവര്‍ സിറോസിസ് രോഗിയുമായിരുന്നു. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു ശേഷം മൃതദേഹം കണ്ടെടുക്കുന്ന തിങ്കളാഴ്ച വരെ ഭക്ഷണം പോലുമില്ലാതെ മുറിയിലിരുന്നു മദ്യപിക്കുകയായിരുന്നു അശ്വിന്‍.
തമ്പിയുടെ ഭാര്യ 2 വര്‍ഷം മുന്‍പു മരിച്ചിരുന്നു. ഗള്‍ഫില്‍ ഷെഫായി പ്രവര്‍ത്തിച്ചിരുന്ന അശ്വിന്‍ ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു മണക്കാട്ടെ വസതിയില്‍ താമസം. വിവാഹിതനായിരുന്നെങ്കിലും ഭാര്യ ഒപ്പം താമസമുണ്ടായിരുന്നില്ല.
വീട്ടിലെ മദ്യപാനവും വഴക്കിടലും സ്ഥിരമായിരുന്നെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. തമ്പിയുടെ മദ്യപാന സംഘത്തിലെ ചില സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു വ്യക്തമായി. തമ്പിയുടെ നാലു പവന്റെ മാലയും ലോക്കര്‍ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന സംശയം ഉണ്ടായെങ്കിലും പിന്നീടു വീട്ടില്‍ നിന്നു കണ്ടെടുത്തു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്കയച്ചു.