ടോക്കിയോ: ജപ്പാലില്‍ അതിശക്തമായ ഭൂചലനം. തിങ്കളാഴ്ച നോര്‍ത്ത് സെന്‍ട്രല്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി.
ഇതേതുടര്‍ന്ന് തീരദേശങ്ങളായ ഇഷികവ, നിഗത, ടോയമ, യമഗത, ഫുകുയി, ഹ്യോഗോ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രദേശിക സമയം വൈകിട്ട് 4.10 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ഇഷികവയിലെ നോട്ടോയില്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.
ഇഷികവയിലെ വാജിമ സിറ്റിയില്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിരകളെത്തി.
പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റര്‍ അകലെവരെ സുനാമിത്തിരകള്‍ എത്താമെന്ന് യു.എസ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ആണവ ഊര്‍ജ നിലയങ്ങളില്‍ എന്തെങ്കിലും അസ്വഭാവികയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹുകുരികു ഇലക്‌ട്രിക് പവര്‍ അറിയിച്ചു.