കോട്ടയം: ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്‌കരിച്ചു.
ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ യാത്രയാക്കാന്‍ പള്ളിയിലേക്ക് എത്തിയത്. പ്രത്യേകം ഒരുക്കിയ കല്ലറയില്‍ ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്മാരും പള്ളിയില്‍ എത്തി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
തറവാട്ട് വീട്ടിലും പണിതീരാത്ത പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ത്ഥനയും കഴിഞ്ഞതിന് ശേഷമാണ് പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചത്.
ജനസാഗരത്തെ സാക്ഷിയാക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനിയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്.
ജനത്തിരക്ക് കാരണം അന്ത്യകര്‍മ്മങ്ങള്‍ രാത്രി എഴരയ്ക്ക് ശേഷം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ അദരാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഞ്ച് മന്ത്രിമാരും ചേര്‍ന്ന് പുഷ്പ ചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകര്‍ 12 മണിയോടെയാണ് അവസാനിച്ചത്.
ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും അന്ത്യചടങ്ങിന്റെ ഭാഗമായി.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അടക്കമുള്ള വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുത്തു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏഴരയോടെ പുതുപ്പള്ളി പള്ളിയിലെത്തിയിരുന്നു.
മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം കാത്തിരുന്ന് വിലാപയാത്രയ്‌ക്കൊപ്പമാണ് രാഹുല്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് എത്തിയത്.
രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ. ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു .