ഒക്ടോബർ 2, ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. 1869 ഒക്ടോബർ 2 നാണ് കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോർബന്തറില്‍ എംകെ ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്.
അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി.
ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയർത്തിപ്പിടിച്ചാണ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്.
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാർച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സർക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാർച്ചന നടത്തും.
1883 ലായിരുന്നു ഗാന്ധിജിയുടെ വിവാഹം കസ്തൂർബയെ ആണ് വിവാഹം ചെയ്തത്. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം1888 ല്‍ നിയമപഠനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയി. 1891ല്‍ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധിജി ബോംബെയിലും രാജ്കോട്ടിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. അഭിഭാഷകനായിരിക്കെ 1893ല്‍ ഗുജറാത്തി വ്യാപാരിയ ദാദാ അബ്ദുള്ളയുടെ കേസുകള്‍ വാദിക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേയ്ക്കുള്ള യാത്രാമധ്യേ വർണവിവേചനത്തിന് ഗാന്ധി ഇരയായിരുന്നു. 1901 ലാണ് ഗാന്ധി ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി പങ്കെടുത്തത്. 1915 ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അഹമ്മദാബാദിലെ കൊച്ച്‌റാബില്‍ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചിരുന്നു. 1917 ലാണ് ആദ്യ സത്യാഗ്രഹം ആരംഭിക്കുന്നത്. ബിഹാറിലെ ചമ്ബാരനിലെ നീലം തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു സത്യാഗ്രഹം. തൊട്ടുപിന്നാലെ 1918 ല്‍ ആദ്യ നിരാഹാര സമരവുമിരുന്നു. അഹമ്മദാബാദിലെ മില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു സമരം. പിന്നീട് സ്വാതന്ത്ര്യ സമരങ്ങളില്‍ സജീവമായി.
1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെ എന്ന തീവ്ര വലതുപക്ഷക്കാരനാല്‍ മഹത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. വെടിയേറ്റ് മരിക്കുമ്ബോള്‍ ഗാന്ധിജിക്ക് 78 വയസ്സായിരുന്നു പ്രായം. ഡല്‍ഹിയിലെ ബിർലാ ഹൗസില്‍ പ്രാർത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്.