തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നല്കി കേരള സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി.
ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിര്‍ണയ സമയത്താണ് അബദ്ധം മനസ്സിലായത്.
കേരള സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷല്‍ പരീക്ഷ ആയതിനാല്‍ കുറച്ചു പേര് മാത്രമേ എഴുതിയുള്ളു. സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ് എന്ന പേപ്പര്‍ എഴുതിയവര്‍ക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്.
പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസില്‍ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നല്‍കുകയായിരുന്നു. ഇതുവരെ സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.