ചൈന-ഇന്ത്യ സംഘര്‍ഷം : യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കര-വ്യോമ-നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര-വ്യോമ-നാവിക സേനകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു.

സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലാക്ക സ്‌ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ – പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. പാംഗോങ് ട്‌സോയെ ച്ചൊല്ലിയുള്ള കോര്‍പ് കമാന്‍ഡര്‍ തല ചര്‍ച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ക്യാംപില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചര്‍ച്ച വേണമെന്ന് ജൂണ്‍ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയര്‍ന്നതല ചര്‍ച്ച ഗല്‍വാനില്‍നിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Related posts

Leave a Comment