ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ചൈനീസ് ഫണ്ടിങ് ആരോപണത്തില്‍ കസ്റ്റഡിയില്‍. ഡല്‍ഹി പോലീസാണ് ഓഫീസിലെ റെയ്ഡിന് പിന്നാലെ പ്രബീര്‍ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്.

ചാനലിനെതിരെ യുഎപിഎ ആക്‌ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. പുരകായസ്തയെ ചോദ്യം ചെയ്യലിനായി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച്‌ മാധ്യമ സംഘടനകളും ഇൻഡ്യ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം എന്നീ സംഘടനകളാണ് വിമര്‍ശനമുയര്‍ത്തിയത്.

മാധ്യമ പ്രവര്‍ത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകള്‍ ആരോപിച്ചു.

ഇൻഡ്യ മുന്നണി ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ ബോധപൂര്‍വം അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മാത്രമാണ് സര്‍ക്കാരിന്റെ നടപടി. മാധ്യമങ്ങളെ മുഖപത്രമാക്കി മാറ്റാൻ ശ്രമമെന്നും ഇൻഡ്യ മുന്നണി ആരോപിച്ചു.

ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു.

മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഇ ഡി എഫ്‌സിആര്‍എ ആക്‌ട് ലംഘിച്ച്‌ ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ കേസെടുത്തിരുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ആരോപിക്കുന്നു.

ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തിയിരുന്നു.

ഡല്‍ഹി പോലീസ് നടപടിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.

പ്രസ് ക്ലബ് ഓഫ് ഇന്ത്യ റെയ്ഡിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment