വാഷിംഗ്ടണ്‍: ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുന്നു. ടിക് ടോക് ആപ്ലിക്കേഷനെ അമേരിക്കയില്‍ നിന്ന് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്ക അധികൃതര്‍ ഉന്നയിച്ചതിനാലാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക് നിരോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ നിയമ വിദഗ്ദ്ധര്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയില്‍ മാത്രം പത്ത് കോടി യുവാക്കളാണ് നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ടോക്കിനെ സംബന്ധിച്ച് അമേരിക്കയുടെ ഈ തീരുമാനം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.
നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.