ചെന്നൈ പ്രിവ്യൂ കണ്ട് ശേഷ ‘എന്തു വേണം ആന്റണീ’യെന്ന് മോഹന്‍ലാലിന്റെ ചോദ്യം; നമുക്കു നഷ്ടം സഹിക്കാം ലാല്‍ സാര്‍ എന്നു മറുപടിയും;

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തീയറ്ററിലേക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ തീരുമാനിച്ചത്.

സിനിമ കണ്ട മോഹന്‍ലാലിന്റെയും സുചിത്ര മോഹന്‍ലാലിന്റെയും തീരുമാനങ്ങളായിരുന്നു ഇതില്‍ നിര്‍ണായകമായത്. നഷ്ടം സഹിക്കാതെ തീയറ്ററില്‍ എത്തിക്കാം എന്ന ആലോചനയില്‍ ഒടിടിയില്‍ ചിത്രം ഓടിക്കാമെന്ന് കരുതിയ ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ താല്‍പ്പര്യം എന്താണെന്ന് അറിഞ്ഞതോടെ മനസ്സു മാറ്റുകയായിരുന്നു. കുറുപ്പിന് ലഭിച്ച പ്രീ ബുക്കിംഗും യുഎഇയില്‍ ദേശീയദിനാചരണത്തോട് അനുബന്ധിച്ചുള്ള അവധികളും വരുന്നു എന്നതും കൂടിയായപ്പോള്‍ മരയ്ക്കാര്‍ തീയറ്ററിലേക്ക് തന്നെ പായ് വഞ്ചി തിരിക്കയായിരുന്നു.

ഒടിടിയിലേക്ക് എന്ന് ഉറപ്പിച്ചിടത്തു നിന്നുമാണ് തീയറ്ററിലേക്ക് ചിത്രം മാറ്റിയത്. കരാര്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത് മോഹന്‍ലാലും ആന്റണിയും ചേര്‍ന്നാണ്. ഇതു പ്രിയദര്‍ശനോടു പറയുകയും ചെയ്തു. കൊല്‍ക്കത്തയിലേക്കു ഷൂട്ടിങ്ങിനു പോകുന്നതിനു മുന്‍പു ലാലിനേയും ആന്റണിയേയും വിളിച്ചു പ്രിയദര്‍ശന്‍ പറഞ്ഞു. തീരുമാനിക്കുന്നതിനു മുന്‍പ് നിങ്ങള്‍ തിയറ്ററിലിരുന്നു ഈ സിനിമ കാണണം. നിങ്ങള്‍ മാത്രം’. തുടര്‍ന്ന് ചെന്നായില്‍ ലിസിയുടെ തീയറ്ററില്‍ വെച്ച ആ സിനിമ മൂന്ന് പേര്‍ ചേര്‍ന്നുകണ്ടു. മോഹന്‍ലാലും സുചിത്രയും ആന്റണി പെരുമ്ബാവൂരും.

സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഈ ചിത്രം തീയറ്ററില്‍ കളിക്കുമെന്ന്. ഇതോടെ മോഹന്‍ലാലും മനസ്സു മാറ്റി. തിയറ്ററിനു പുറത്തിറങ്ങിയ ഉടനെ ആന്റണിയോടു ലാല്‍ ചോദിച്ചു, ‘എന്തു വേണം ആന്റണീ. ലാലിന്റെ മനസ്സ് നല്ലതു പോലെ അറിയാവുന്ന ആന്റണി പറഞ്ഞു. നമുക്ക് നഷ്ടം സഹിക്കാം ലാല്‍ സാര്‍. തിയറ്ററില്‍ പോയാല്‍ എത്ര നഷ്ടം വരും ആന്റണിയെന്ന് ചോദിച്ചപ്പോള്‍ എത്രയായാലും സഹിക്കണമെന്നുമായി ലാല്‍.

പിന്നീട് അതിവേഗത്തിലാണ് കാര്യങ്ങള്‍ നടന്നത്. ലാല്‍ പ്രിയദര്‍ശനെ വിളിച്ചു സിനിമ തീയറ്ററിലേക്ക് പോകുന്നു എന്ന് വ്യക്തമാക്കി. പ്രിയന്‍ ,കൂടുതലൊന്നും പറയാനില്ല.ഞങ്ങള്‍ ആലോചിച്ചു ഉടന്‍ വിളിക്കാം. തൊട്ടടുത്ത നിമിഷം ആന്റണി വിളിച്ചു. സര്‍,ഇതു നഷ്ടമോ ലാഭമോ എന്നു നോക്കുന്നില്ല. തിയറ്ററില്‍ കളിച്ചിരിക്കും എന്നായി ആന്റണി. ഇതോടെ ആലോചിച്ചു മതിയെന്ന് പ്രിയദര്‍ശനും പറഞ്ഞു. എനിക്കു താങ്ങാവുന്ന നഷ്ടമാണോ എന്നു മാത്രമേ നോക്കാനുള്ളു. പരമവധി വിട്ടു വീഴ്ച ചെയ്തു ഞാനിതു തിയറ്ററില്‍ എത്തിക്കും സര്‍. ആരുമായും സംസാരിക്കാന്‍ തയാറാണെന്നും ആന്റണി വ്യക്തമാക്കി.

ഒടിടിയില്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതീവ വികാര നിര്‍ഭരമായാണു പ്രിയദര്‍ശന്‍ ആന്റണിയേക്കുറിച്ചു സംസാരിച്ചത്. ‘ഞങ്ങള്‍ കൂടെ ചേര്‍ത്തുനിര്‍ത്തുന്നു’ എന്നാണ് പ്രിയന്‍ പറഞ്ഞത്. ആന്റണിയെ പഴയ ജീവിതത്തിലേക്ക് തള്ളിവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമ തീയറ്ററില്‍ കളിക്കണമെന്ന അഭിപ്രായമായിരുന്നു സുചിത്ര മോഹന്‍ലാലിനും.

ആത്മസുഹൃത്ത് ജി സുരേഷ് കുമാറിനോടും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനോടും അടക്കം മനസ്സ് തുറന്നു. ഇതോടെയാണ് സിനിമാ മന്ത്രി സജി ചെറിയാന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. തിയേറ്റര്‍ സംഘടനയായ ഫിയോക്കിനെ വരുതിയിലാക്കാന്‍ മന്ത്രി സജി ചെറിയാന്‍ നേരിട്ട് എത്തുകയും ചെയ്തു. ഇന്നലെ പത്ത് മിനിറ്റ് നീണ്ട ടെലിഫോണ്‍ ചര്‍ച്ചയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു.

മോഹന്‍ലാല്‍ തിയേറ്റര്‍ റിലീസിന് അനുകൂലമാണെന്ന് മനസ്സിലാക്കി മന്ത്രി സജി ചെറിയാന്‍ ഉറച്ച തീരുമാനം എടുത്തു. ആ പ്രശ്നം അങ്ങ് പറഞ്ഞ് അവസാനിപ്പിക്കുകയാണ്. മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം. എല്ലാ തിയേറ്ററുകാരും സഹകരിച്ചേ പറ്റൂ-ഇതായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനെ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ തലയാട്ടി സമ്മതിക്കുകയും ചെയ്തു. ഈ ചര്‍ച്ചയിലേക്ക് തിയേറ്റര്‍ ഫെഡറേഷന്‍ നേതാവ് കൂടിയായ ലിബര്‍ട്ടി ബഷീറിനെ പങ്കെടുപ്പിച്ചുമില്ല. തിയേറ്റര്‍ സംഘടനയെ മരയ്ക്കാര്‍ മുന്‍നിര്‍ത്തി പൊളിക്കാമെന്ന ലിബര്‍ട്ടി ബഷീറിന്റെ ശ്രമങ്ങളാണ് പൊളിഞ്ഞത്. ഇതിനൊപ്പം വീമ്ബു പറഞ്ഞു നടന്ന വിജയകുമാറിനെ അപ്രസക്തനാക്കുകയും ചെയ്തു. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്‌ത്തുകയായിരുന്നു ലാലും സംഘവും.

ഫലത്തില്‍ ഫിയോക്കില്‍ ഇനി ദിലീപിനും ആന്റണി പെരുമ്ബാവൂരിനും സ്വാധീനം കൂടും. വിജയകുമാറിന്റെ മേല്‍കൈ ഇല്ലാതാവുകയും ചെയ്തു. ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനാണ് ദിലീപും ആന്റണിയും ചേര്‍ന്ന് ഫിയോക്ക് ഉണ്ടാക്കിയത്. ദിലീപാണ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍. ആന്റണി വൈസ് ചെയര്‍മാനും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിസന്ധിയിലായപ്പോള്‍ ഈ സംഘടനയെ വിജയകുമാര്‍ ഹൈജാക്ക് ചെയ്തു. മരയ്ക്കാറിനെ തിയേറ്ററില്‍ എത്തിക്കാതെ ആന്റണിയേയും ദിലീപിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിജയകുമാര്‍ മുന്നേറി. ആന്റണിയെ ഉപരോധിക്കാന്‍ പോലും തീരുമാനിച്ചു.

ഇതോടെ ഒടിടിയിലേക്ക് മരയ്ക്കാര്‍ പോവുമെന്ന അവസ്ഥ വന്നത്. എന്നാല്‍ പ്രിവ്യൂ ഷോ മോഹന്‍ലാല്‍ കണ്ടതോടെ എല്ലാം മാറി മറിഞ്ഞു. സുരേഷ് കുമാറും ഉണ്ണികൃഷ്ണനും കൂടെ നിന്നതോടെ മോഹന്‍ലാലിന്റെ ആഗ്രഹവും നടന്നു. പ്രിയദര്‍ശന്റെ ചിത്രം അങ്ങനെ തിയേറ്ററില്‍ എത്തുകയാണ്. ഉപാധികളൊന്നും ഇല്ലാതെയാണ് തിയേറ്ററിലേക്ക് മരയ്ക്കാറെ മോഹന്‍ലാല്‍ വിട്ടു നല്‍കുന്നത്. ഇതു മൂലം ആമസോണില്‍ നിന്ന് ലഭിക്കുന്ന തുകയുടെ തോതും കുറയും. ഏതാണ് അമ്ബതു കോടിയോളം കുറയുമെന്നാണ് സൂചന. ആമസോണില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ 90 കോടി ഈ ചിത്രത്തിന് കിട്ടുമായിരുന്നു.

തിയേറ്റര്‍ റിലീസും ഒടിടി പ്രദര്‍ശനവും സാറ്റലൈറ്റ് റൈറ്റും കൂടി 150 കോടിയെങ്കിലും കുറഞ്ഞത് മരയ്ക്കാറിലൂടെ നിര്‍മ്മാതാവിന് കിട്ടുമെന്നാണ് വിലയിരുത്തല്‍. തിയേറ്ററുകളെ ചിത്രം സജീവമാക്കുകയും ചെയ്യും. ഫിയോക്കിലുള്ളവര്‍ക്കൊപ്പം ലിബര്‍ട്ടി ബഷീറിനൊപ്പമുള്ള തിയേറ്ററുകളിലും മരയ്ക്കാര്‍ റിലീസ് ചെയ്യും. ആരേയും പിണക്കാതെയുള്ള റിലീസാണ് മോഹന്‍ലാല്‍ ആഗ്രഹിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഏറെ അനിശ്ചിത്വത്തിനും മാറ്റിവയ്ക്കലുകള്‍ക്കു മൊടുവിലാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനമായത്.

Related posts

Leave a Comment