ചെങ്കടലില്‍ യെമന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കപ്പല്‍ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചത്`; നടുക്കുന്ന ഓര്‍മയില്‍ അഖില്‍ രഘു

കായംകുളം: ചരക്കുകപ്പലില്‍ ജോലി ചെയ്തിരുന്ന മലയാളി യെമനിലെ ഹൂതി വിമതരുടെ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

ഭീതിയുടെ ആ നാളുകള്‍ ഓര്‍ക്കുകയാണ് ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ അഖില്‍ രഘു (26). ചെങ്കടലിലൂടെ 20 കിലോ മീറ്റര്‍ വേഗതയില്‍ ചരക്ക് കപ്പല്‍ നീങ്ങുമ്ബോഴാണ് ജനുവരി രണ്ടിന് രാത്രി 12ന് ഹൂതി വിമതര്‍ കൂട്ടമായി ബോട്ടുകളില്‍ എത്തി ചരക്ക് കപ്പലിലേക്ക് ഇരച്ചു കയറിയത്. കപ്പലിന്റെ ഗ്ലാസുകള്‍ വെടിവച്ച്‌ തകര്‍ക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലില്‍ അപായ സൈറണ്‍ മുഴങ്ങി. വിശ്രമ മുറിയില്‍ ചീഫ് ഓഫിസറുടെ സമീപത്തേക്ക് ഓടി വരുമ്ബോള്‍ തോക്കേന്തിയ ഹൂതി സംഘത്തെയാണ് അഖില്‍ കണ്ടത്. ഓഫിസറുടെ മുറിയില്‍ കയറി ‍‍ കതകടച്ചു.

ഉടന്‍ കതക് ലക്ഷ്യമാക്കി വെടിവെച്ചു. അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും മുറിക്കകത്തേക്ക് തുളച്ചു കയറിയ വെടിയുണ്ടയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കതക് തുറക്കാതെ വന്നതോടെ തുരുതുരാ വെടിവച്ചു. കതകിന്റെ പൂട്ടുഭാഗം ബുള്ളറ്റ് തുളച്ചുകയറി ഞെരുങ്ങിയതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. ഇതിനിടെ മുറിയിലുണ്ടായിരുന്നവര്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തു ചാടിയെങ്കിലും ചെന്ന് പെട്ടത് ഹൂതി വിമതരുടെ മുന്നിലായിരുന്നു. എല്ലാവരും തലകുനിച്ചു വണങ്ങി. തുടര്‍ന്ന് എല്ലാവരെയും കപ്പലില്‍ നിന്ന് ബോട്ടിലേക്ക് കയറ്റി.

രണ്ടര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഒരു തുറമുഖത്ത് എത്തിച്ചു. ചെങ്കടലില്‍ യെമന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കപ്പല്‍ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തിയതായി അഖില്‍ പറഞ്ഞു. അവിടെനിന്ന് യെമനിലെ ഹുദൈദ എന്ന സ്ഥലത്ത് ഒരു ഹോട്ടല്‍ മുറിയിലേക്ക് 11 പേരെയും മാറ്റി. മൂന്ന് മലയാളികള്‍ 7 ഇന്ത്യക്കാര്‍, ഈജിപ്റ്റ്, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോള്‍ വലിയ മതിപ്പായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. വേഗം മോചിപ്പിക്കാമെന്ന് ഉറപ്പും കൊടുത്തു. പക്ഷെ, ഹോട്ടലിലെ താമസം ജയില്‍ ജീവിതത്തിന് തുല്യമായിരുന്നു. വാതില്‍ അവര്‍ പൂട്ടയിടും. ഭക്ഷണം കൃത്യ സമയത്ത് എത്തിച്ചിരുന്നു. ഹൂതി സംഘത്തിന്റെ അരയില്‍ എപ്പോഴും കത്തി ഉണ്ടാകും. ഇത് ആ നാട്ടിലെ ആചാരത്തിന്റെ ഭാഗമാണെന്ന് അഖില്‍ പറയുന്നു. മോചനത്തില്‍ അഖില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ജിബൂട്ടിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ചന്ദ്രമൗലിയോടാണ്. ഒട്ടേറെ പ്രാവശ്യം വിമത സംഘവുമായി ചര്‍ച്ച നടത്തിയത് ചന്ദ്രമൗലിയാണെന്ന് അഖില്‍ പറഞ്ഞു.

Related posts

Leave a Comment