തൃശൂർ: അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവില്‍. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് ഒളിവില്‍ കഴിയുന്നത്.
സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്.
ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പരാതി പിൻവലിക്കാൻ സ്കൂള്‍ അധികൃതർ മാതാപിതാളെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. പരാതി പിൻവലിച്ചാല്‍ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തുവെന്നാണ് വിവരം.
അടുത്തിടെ കൊച്ചിയിലും സമാന സംഭവമുണ്ടായി. ഉത്തരം പറയാത്തതിനെ തുടർന്ന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലെ അദ്ധ്യാപികയായിരുന്ന സീതാലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ സ്കൂള്‍ അധികൃതർ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ക്ലാസ് മുറിയില്‍ വച്ച് താൻ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ചായിരുന്നു അദ്ധ്യാപികയുടെ മർദനം. കുട്ടിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരിക്കുകളുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.