വയനാട്: വയനാട് ചീരാലിനെ ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവില്‍ പിടിയില്‍. കഴിഞ്ഞ ഒരു മാസമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കടുവ പിടിയിലായത്. തുടര്‍ന്ന് കടുവയെ ബത്തേരിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ കടുവയാണ് പിടിയിലായത്. നിരീക്ഷണ ക്യാമറയിലടക്കം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.പല്ലിന് പരിക്കുകളുള്ളതായി വനം വകുപ്പ് അറിയിച്ചു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ കടുവയെ വനത്തിലേക്ക് തുറന്ന് വിടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഒരു മാസത്തിനിടയില്‍ നാട്ടിലിറങ്ങി 13 പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ രാപകല്‍ സമരം അടക്കം നടത്തി പ്രതിഷേധിച്ചിരുന്നു.പ്രദേശത്ത് ആറിലേറെ കൂടുകള്‍ സ്ഥാപിക്കുകയും 18-ലേറെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. നേരത്തെ മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ ഇറക്കി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ ശ്രമഫലമായാണ് കടുവയെ പിടിക്കാന്‍ കഴിഞ്ഞത്.