ചിറക്കരയില്‍ സിപിഎം നേതാക്കള്‍ തമ്മില്‍ ഫേസ്ബുക്ക് പോര്

ചാത്തന്നൂര്‍: ചിറക്കര ലോക്കല്‍ സമ്മേളനത്തിനു പിന്നാലെ സിപിഎമ്മില്‍ വിഭാഗിയത ശക്തമാകുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം ഏറ്റുമുട്ടുന്നു.

ലോക്കല്‍ കമ്മിറ്റി അംഗവും ചിറക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സുദര്‍ശനന്‍ പിള്ളയുടെ ഫെയ്‌സ് ബുക്ക് ആക്കൗണ്ടില്‍ നിന്നാണ് ചിറക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മധുസൂദനന്‍പിള്ളയുടെ ഫോട്ടോ വച്ച്‌ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

ഇതിനെതിരായി ഡിവൈഎഫ്‌ഐ നേതാക്കള്‍ സുദര്‍ശനന്‍ പിള്ളയ്ക്ക് എതിരെയും പ്രതികരിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലുള്ള ഗ്രൂപ്പു പോര് പരസ്യമായത്. ഇതിനിടയില്‍ തന്റെ പേരിലുള്ളത് വ്യാജ അക്കൗണ്ട് ആണെന്ന് ആരോപിച്ച്‌ സുദര്‍ശനന്‍പിള്ള പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി.

രണ്ടു വര്‍ഷം മുന്‍പ് ചിറക്കര വിമതന്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സിപിഎം നേതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ച സൈബര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ഉണ്ടായ വിഭാഗിയത വീണ്ടും തലപൊക്കിയതോടെ ജില്ലാ നേതൃത്വം ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം ജില്ലാ സെക്രട്ടറിക്ക് കത്തു നല്കി.

Related posts

Leave a Comment