ചാണക ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ്; മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കുമെന്ന് അവകാശവാദം

ചാണകം, മൊബൈലില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് മാത്രമല്ല, ഇതിനായി ചാണകത്തില്‍ നിര്‍മിച്ച ഒരു ചിപ്പ് രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ ഈ ചിപ്പ് അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

കാമധേനു ദീപാവലി അഭിയാന്‍ എന്ന പേരില്‍ തുടക്കം കുറിക്കുന്ന കാമ്ബയിനിന്‍റെ ഭാഗമായാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. ചാണകത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ഈ കാമ്ബയിനിന്‍റെ ലക്ഷ്യം.

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനുകളെ ഈ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലം രോഗങ്ങള്‍ വരാതിരിക്കണമെങ്കില്‍ ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.

”ഇതൊരു ആന്‍റി റേഡിയേഷന്‍ ചിപ്പാണ്. മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചിപ്പ്. ഈ ചിപ്പ് നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ഫോണില്‍ നിന്നുള്ള റേഡിയേഷനെ കുറയ്ക്കും. അസുഖങ്ങളില്‍ നിന്ന് രക്ഷ തേടണമെങ്കില്‍ ഈ ചിപ്പ് നിങ്ങള്‍ക്ക് ഫോണില്‍ ഉപയോഗിക്കാം”- എന്നായിരുന്നു ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് വല്ലഭായ് കത്തിരിയ പറഞ്ഞത്.

ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഗോസത്വ കവച് എന്നാണ് ഈ ചിപ്പിന് നല്‍കിയിരിക്കുന്ന പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്.

കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019 ഫെബ്രുവരി ആറിനാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്. 2019-20ലെ യൂണിയന്‍ ബഡ്‍ജറ്റിലാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

താന്‍ ഗോമൂത്രം കഴിക്കാറുണ്ടെന്ന്, കുറച്ചുദിവസം മുമ്ബാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ചാണകവും കഴിക്കാം, അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ചാണകം കഴിക്കാവുന്നതാണെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു. പക്ഷേ നമ്മള്‍ നമ്മളുടെ ഈ ശാസ്ത്രത്തെ മറക്കുകയാണ്. ചാണകം വെറുതെ വീട്ടില്‍ സൂക്ഷിക്കുന്നത് പോലും റേഡിയേഷനെ ചെറുക്കുന്നുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 500 ലധികം ഗോശാലകള്‍ ഇപ്പോള്‍ ചിപ്പ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. 50 മുതല്‍ 100 രൂപ വരെയാണ് ഇത്തരത്തിലുള്ള ചിപ്പിന്‍റെ വില. ഈ ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്ലെന്നായിരുന്നു കത്തിരിയയുടെ മറുപടി.

Related posts

Leave a Comment