തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും. ഒരു ട്രാൻസ്ജെൻഡർ പുലി ഉൾപ്പെടെ 7 പുലികളാണ് ഇറങ്ങുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുലി പുലിക്കളിയുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റർ കേരള പട്ടം നേടിയ പ്രവീൺ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു. കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് മണി വരെയാണ് അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും ഓൺലൈൻ വഴി ലോകത്തുള്ള എല്ലാവര്ക്കും പുലിക്കളി കാണാം.അതേസമയം വിയ്യൂർ ദേശത്തിന്റെ ഒറ്റപുലി സ്വരാജ് റൗണ്ടിൽ ഇറങ്ങും. നാല് മണിക്ക് നായ്ക്കനാൽ വഴി കേറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും. അതേസമയം കാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഇനം പുലികൾ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിൽ എത്താറുണ്ടായിരുന്നു. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും കൊച്ചു കുഞ്ഞുങ്ങളും വരെ സംസ്ഥാനത്തിെൻറ സാംസ്കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിച്ചിട്ടുണ്ട്.എൽ.ഇ.ഡി പുലികളും മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻറ് പുലികളും മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന ‘സർക്കസ്’പുലികളും രാജ്യത്തെ കാടുകളിൽ മാത്രമല്ല, ഇടതൂർന്നു വളരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലും കണ്ടെന്നുവരില്ല! 2016ൽ, ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാെൻറ രാജവീഥികളിൽ ചീറിയെത്തി തിമിർത്താടുകയുമുണ്ടായി.അതേക്കുറിച്ച് പുലികളിക്കിറങ്ങിയ വിനയ പറഞ്ഞതിങ്ങനെ:
”സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ഒരു മതേതര ആഘോഷമാണ് പുലികളി. സ്ത്രീകൾക്ക് എന്തുകൊണ്ട് പങ്കെടുത്തുകൂടാ? അതുകൊണ്ടാണ് ഞങ്ങൾ വിയ്യൂർ മടയിലെ സംഘാടകരെ സമീപിച്ചത്. ബോഡി ആർട്ടിനെക്കുറിച്ചും, വസ്ത്രങ്ങളെക്കുറിച്ചും അവർക്കു ചില ഉത്കണ്ഠകളുണ്ടായിരുന്നു. ഞങ്ങൾ സന്നദ്ധത അറിയിച്ചു. തൃശൂർ കോർപറേഷൻ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടെടുത്തു. വിയ്യൂരുള്ളവർ ഞങ്ങളെ പുലിനൃത്തച്ചുവടുകൾ പഠിപ്പിക്കാൻ തുടങ്ങി.”വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019ൽ വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവതി നായർ ദൃശ്യ-അച്ചടി മാധ്യമങ്ങൾക്ക് ‘വൈറൽ’ വിരുന്നുമായി. സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേക്കു മടക്കിവെച്ച്, സകലർക്കും ചിരി സമ്മാനിച്ചിരുന്ന പാർവതി, പുലിയല്ല ‘പുപ്പുലി’ ആയി മാറിയ കഥ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.ആദ്യമായി ഒരു കുട്ടിപ്പുലി റൗണ്ടിലിറങ്ങിയതും കൗതുകമുണ്ടാക്കിയിരുന്നു. ”2009-ൽ, ഞാനും മകൻ രാഹുലും അച്ഛൻ-പുലി-മകൻ-പുലി കെട്ടിയാടിയത് പ്രേക്ഷകരിൽ വലിയ ആവേശമാണ് ഉണർത്തിയത്,” -കോനിക്കര ഗിരീഷ് ആവേശംകൊണ്ടു. സ്ത്രീ സാന്നിദ്ധ്യം പുലികളിയിലെ ആകർഷണമാകുന്നതിന് ഏഴു വർഷം മുന്നെയാണ് ഒമ്പതു വയസ്സുകാരൻ രാഹുൽ കുട്ടിപ്പുലി വേഷമണിഞ്ഞ് പുലിപ്പിതാവുമൊത്ത് നൃത്തം ചെയ്ത് പ്രേക്ഷകരെ കുളിരണിയിച്ചത്. യുവജന കലാസമിതി നയിക്കുന്ന കോട്ടപ്പുറം പുലിസംഘമാണ് 2011ലും 15ലും എല്ലാ വിഭാഗത്തിലുമുള്ള പുരസ്കാരങ്ങൾ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവക്കാണ് കാഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പൊലീസും ബാക്കിയുള്ളവയുടെ മൂല്യനിർണയം ലളിതകല അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്. അതേസമയം പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകർന്നിരിക്കുകയാണ്. ആരിൽനിന്നും പത്തുവർഷത്തേക്കെങ്കിലും കാര്യമായ സംഭാവനയൊന്നും ലഭിക്കാനിടയില്ലെന്നും തങ്ങൾ പുലികളിയിൽ നിന്ന് പിൻവാങ്ങുകയാണെന്നും പലരും അറിയിക്കുകയുണ്ടായി. ഇതുതന്നെയാണ് മറ്റു പല ട്രൂപ്പുകളുടെയും അവസ്ഥ. സർക്കാർതല ഇടപെടലുകളും ധനസഹായവും ഇല്ലെങ്കിൽ, ഇനിയുള്ള കാലം പുലികളി നിലനിന്നുപോകാനിടയില്ല…