ചപ്പക്കാട് ആലാംപാറയില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മുതലമട : ചപ്പക്കാട് മൊണ്ടിപതിക്കു മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

മുളവെട്ടാന്‍ പോയ അയ്യപ്പനാണ് ഇവിടെ തലയോട്ടി കിടക്കുന്നതായി നാട്ടുകാരെ വിവരം അറിയിച്ചത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് പരിശോധനയ്ക്കായി ഇവിടെയെത്തുന്നതാണു സൂചന.ക്രൈംബ്രാഞ്ച്, കൊല്ലങ്കോട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.

മഴക്കാലത്തു നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്താണ് തലയോട്ടി കിടക്കുന്നത്. രാത്രി വൈകിയതിനാല്‍ പരിശോധന നടത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

വന്യമൃഗങ്ങളുടെ സാന്നിധ്യവും രാത്രികാല പരിശോധനയ്ക്കു ഭീഷണിയാണ്. എന്നാല്‍ ഇവിടെ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചപ്പക്കാട്ടു നിന്ന് 2 യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ആയതിനാലാണു മനുഷ്യന്റെ തലയോട്ടി കണ്ടതായുള്ള വിവരം അറിഞ്ഞയുടനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്.

ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫന്‍ എന്ന സാമുവല്‍, മുരുകേശന്‍ എന്നിവരെ കാണാതായി 166 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും ഏറെ ഗൗരവത്തോടെയാണു തലയോട്ടി കണ്ടെത്തിയ സംഭവത്തെ കാണുന്നത്.

ഇന്നു രാവിലെ പൊലീസ് ഉന്നതോദ്യോഗസ്ഥരും ശാസ്ത്രീയ വിദഗ്ധരും അടക്കമുള്ള സംഘം തലയോട്ടി കണ്ട സ്ഥലത്തെത്തും. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇതു സംബന്ധിച്ചു പ്രതികരിക്കാനാകൂ എന്ന നിലപാടിലാണു പൊലീസ്.

Related posts

Leave a Comment