കൊല്ലം: ഉത്രയെ ഭര്‍ത്താവ് മുര്‍ഖനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്നത് എളുപ്പത്തില്‍ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കമെന്നും ഇതിന് ശേഷമായിരിക്കും അനുബന്ധ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുക എന്നും കൊല്ലം റൂറല്‍ എസ് പി എസ് ഹരിശങ്കര്‍ പറഞ്ഞു.
കൊലപാതകം തെളിക്കപ്പെടുക എന്നതിനാണ് മുഖ്യപരിഗണന.പാമ്പിനെ കൊണ്ടുവന്ന് പറഞ്ഞ് ഒരു കുപ്പി പ്രതി കാണിച്ചു തന്നിട്ടുണ്ട്. ഇത് ശാസ്ത്രിയ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും താമസിയാതെ ലഭിക്കും.ഇതു സംമ്പന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ലഭിക്കേണ്ടതതുണ്ട്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും ഒന്നാണോ എന്ന് ഉറപ്പിക്കാനാണ് ഇത്.
ചികത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.ആദ്യം ഉത്രയെ ചികത്സിച്ചിരുന്ന ഡോക്ടറെ കണ്ട് മുമ്പ് എപ്പോഴെങ്കിലും ഭര്‍ത്താവില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഉത്ര വെളിപ്പെടുത്തിയിരുന്നോ എന്നരായും. അന്വേഷണം തുടങ്ങി ആദ്യത്തെ 10 ദിവസം ഈ വഴിക്കുള്ള ജോലികള്‍ തീര്‍ക്കുന്നതിന് മാത്രമായി വിനയോഗിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്-എസ് പി വിശദീകരിച്ചു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ് മോര്‍ട്ടം നടന്നത്. കേരളത്തില്‍ ആദ്യമായാണ് കൊലക്കേസുമായി ബന്ധപ്പെട്ട് പാമ്പിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്. ലോകത്തും അത്യപൂര്‍വ്വ സംഭവമാണ് ഇത്. ഈ പോസ്റ്റ് മോര്‍ട്ടം കേരളത്തിലെ ചാനലുകള്‍ തല്‍സമയം നല്‍കുകയും ചെയ്തു. ഉത്രയെ കടിച്ചത് ഈ പാമ്പ് ആണെന്ന് തെളിയിക്കാന്‍ കൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.
കൊലപാതകം സംമ്പന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോ ,എന്തായിരുന്നു കൊല നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത് തുടങ്ങി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിശകലനങ്ങളും മറ്റും അടുത്ത ഘട്ടത്തില്‍ നടക്കും.കേസിനെക്കുറിച്ച് നിരവധി ഊഹാഭോഗങ്ങള്‍ പരക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇതില്‍ പലതിനെക്കുറിച്ചും പൊലീസിന് ഒരു തരത്തിലുള്ള വിവരവും ലഭിച്ചിട്ടില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതുപ്രകാരമാണ് അഞ്ചല്‍ സി ഐ കൂട്ടിയെ ഇന്ന് കൈമാറിയതെന്നും എസ് പി അറിയിച്ചു. ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയുടെ വീട്ടുകാര്‍ക്ക് ഇന്ന് വിട്ടു കൊടുത്തു. ഉത്രയുടെ ഭര്‍ത്താവും കൊലയാളിയുമായ സൂരജിന്റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ അടൂര്‍ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സൂരജിന്റെ വീട്ടുകാരില്‍ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്.
അടൂര്‍ പൊലീസില്‍ നിന്നും കുഞ്ഞിനെ അഞ്ചല്‍ പൊലീസ് ഏറ്റുവാങ്ങി തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറി. ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് പൊലീസ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിര്‍ദ്ദേശം ഉത്രയുടെ വീട്ടുകാര്‍ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ ഒളിവില്‍ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു. കുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.
ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂര്‍ പൊലീസിന്റെ ആവശ്യപ്രകാരം അഞ്ചല്‍ പൊലീസ് സൂരജിന്റെ വീട്ടിലെത്തിയപ്പോള്‍ ആണ് കുഞ്ഞ് വീട്ടില്‍ ഇല്ലെന്ന വിവരമറിയുന്നത്. തുടര്‍ന്ന് സൂരജിന്റെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
ബന്ധുവീട്ടിലായിരുന്ന സൂരജിന്റെ കുട്ടിയെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുഞ്ഞുമായി സൂരജിന്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയന്നാണ് സൂരജിന്റെ കുടുംബത്തിന്റെ വാദം. കുട്ടിയെ ഒളിപ്പിച്ചു വച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായത്.
ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്ബാട്ടിക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ നടത്തിയ കൊലപാതകമാണന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്ബാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്നും പറയുന്നു. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.
പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിടുണ്ട്.