ചണ്ഡിഗഢില്‍ ആദ്യ കോവിഡ്​; ആകെ എണ്ണം 170 ആയി

ന്യൂഡല്‍ഹി: ചണ്ഡിഗഢില്‍ ആദ്യ കോവിഡ്​ 19 റിപ്പോര്‍ട്ട്​ ചെയ്​തു. 23 വയസുള്ള യുവതിക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്​. ചണ്ഡിഗഢ്​ സെക്ടര്‍ 21 ല്‍ താമസിക്കുന്ന യുവതിക്ക്​ മാര്‍ച്ച്‌ 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്​. യുവതി സെക്ടര്‍ 32ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​.

കശ്​മീരില്‍ ബുധനാഴ്​ച ആദ്യ കോവിഡ്​ 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്​. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ്​ അസിം മട്ടുവാണ്​ ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​. ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്​.
ഇന്ത്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 170 ആയി.മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ 19 കൂടുതലും റിപ്പോര്‍ട്ട്​ ചെയ്​തത്​. മൂന്ന്​ വിദേശ പൗരന്‍മാര്‍ക്ക്​ ഉള്‍പ്പെടെ 47 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ കോവിഡ്​സ്ഥിരീകരിച്ചത്.ആന്ധ്രയില്‍ ഒരാള്‍ക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്​ട്രയിലുമായി മൂന്ന്​ പേരാണ്​ രാജ്യത്ത്​ കോവിഡ്​ 19 ബാധിച്ച്‌​ മരിച്ചത്​. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്​, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​.

Related posts

Leave a Comment