ചക്രവാതച്ചുഴി ന്യൂനമർദവും പിന്നീട് ചുഴലിക്കാറ്റുമായേക്കും; സംസ്ഥാനത്ത് കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.

ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. ഞായറാഴ്ചയോടെ ചക്രനാതച്ചുഴി ന്യൂനമർദമായും മെയ്‌ എട്ടോടെ തീവ്ര-ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വയനാട്, ചൊവ്വാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മേയ് 07, 08 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

 

 

Related posts

Leave a Comment