ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിച്ച്‌ ഭക്തജനലക്ഷങ്ങള്‍; യാഗശാലയായി ക്ഷേത്രപരിസരം

ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ച്‌ ഭക്തജനലക്ഷങ്ങള്‍.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തി പൊങ്കാല നിവേദ്യമര്‍പ്പിച്ച ഭക്തജനങ്ങളാല്‍ ചക്കുളത്തുകാവ് ക്ഷേത്രവും പരിസരവും യാഗശാലയായി മാറി. വൈകിട്ട് കാര്‍ത്തിക സ്തംഭം അഗ്നിക്ക് സമര്‍പ്പിക്കുന്നതോടെ ഇത്തവണത്തെ പൊങ്കാലയ്‌ക്ക് സമാപനമാകും.

രാവിലെ മുതല്‍ ദേവീസ്തുതികളാല്‍ മുഖരിതമായിരുന്നു ചക്കുളത്തുകാവ് ക്ഷേത്രവും സമീപ പരിസരങ്ങളും. പൊങ്കാല ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയില്‍ ഭക്തര്‍ മനസര്‍പ്പിച്ച്‌ ദേവിയെ വിളിച്ചു.

ചലച്ചിത്ര താരം ഗോകുല്‍ സുരേഷ് പൊങ്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദര്‍ശിമാരും മേല്‍ശാന്തിമാരും ചേര്‍ന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമായി.

അനുഷ്ഠാനങ്ങളോടെ കാപ്പുകെട്ടി 50-ലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങള്‍ എഴുന്നളളിച്ച്‌ ഓരോ മണ്‍കലങ്ങളുടെയും അടുത്തെത്തി ദേവീ സാന്നിദ്ധ്യം അറിയിച്ചത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം ആലപ്പുഴയിലെ തിരുവല്ലയിലാണുള്ളത്.

പൊങ്കാല പ്രമാണിച്ച്‌ ഇന്ന് തിരുവല്ല, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Comment