ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, യു.എസില്‍ നിന്ന് വിളിക്കുമ്ബോള്‍ പേടിച്ചുപോയെന്നു പറയണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഗൂഢാലോചനയാണ്.

മുഖ്യമന്ത്രി യു.എസില്‍ നിന്ന് വിളിക്കുമ്ബോള്‍ താന്‍ പേടിച്ചുപോയെന്ന് ഓഫീസിലുള്ളവര്‍ പറയണം. അദ്ദേഹം അത് കേട്ട് സമാധാനിച്ചോട്ടെയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണത്തെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് കേസും പാര്‍ട്ടിയിലെ പടയൊരുക്കവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. തന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ ഗൂഢാലോചന നടത്തുമെന്ന് കരുതുന്നില്ല. അവര്‍ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാനാവില്ല.

വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് താന്‍ തന്നെയാണ്. തന്റെ വിദേശയാത്രയെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയ ശേഷമാണ്. മുഖ്യമന്ത്രിയുടെ വിദേശ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസ്.

പരാതിയില്‍ കഴമ്ബില്ലാത്തതിനാല്‍ മൂന്നു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി തന്നെ തള്ളിക്കളഞ്ഞ കേസാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തനിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന് വാര്‍ത്ത കൊടുത്തത് തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവരും ആത്മപരിശോധന നടത്തണം.

ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നിരാശരായപ്പോഴാണ് നേതൃത്വം തങ്ങളിലേക്ക് എത്തിയത്.

നീതിപൂര്‍വ്വമായിരുന്നു ഓരോ പ്രവര്‍ത്തനവും. നേതൃത്വത്തിന് ചില ചുമതലകളുണ്ട്. തിരിഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത് അനുകൂല സമയമാണ്.

ഗ്രൂപ്പിന് താന്‍ എതിരല്ല. പാര്‍ട്ടിക്ക് മുകളിലാകരുതെന്നേ പറയാനുള്ളു. പരാതിയുള്ള നേതാക്കളെ താന്‍ വീട്ടില്‍ പോയി കാണും. അതാണ് മര്യാദ. നേതൃത്വത്തില്‍ താന്‍ ജുനിയറാണ്.

തന്നെ മുന്നില്‍ നിര്‍ത്തിയിട്ട് എല്ലാം താനാണ് ചെയ്തതെന്ന് പറയും. ഒരു മൂലയ്ക്ക് തൂണും ചാരി നില്‍ക്കുന്ന തന്നെ കുറിച്ച്‌ ഇത്രയൊക്കെ പറയണോ എന്നും അദ്ദേഹം ചോദിച്ചു.

പുനര്‍ജനി പദ്ധതിക്കായി പണപ്പിരിവോ അക്കൗണ്ടോ ചെയ്തിട്ടില്ല. വിദേശ പര്യടനത്തില്‍ പ്രളയത്തില്‍ തന്റെ നാടിനുണ്ടായ ദുരന്തം വിവരിച്ചപ്പോള്‍ താന്‍ ഏറെ വൈകാരികമായി കരഞ്ഞുപോയി.

പ്രസംഗം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ പല പ്രമുഖരും വന്ന് മണ്ഡലത്തില്‍ വീടുകള്‍ വാഗ്ദാനം ചെയ്തു. അവര്‍ തന്നെയാണ് വീട് വച്ചുകൊടുത്തത്. ജീവിതമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് തയ്യില്‍ മിഷനടക്കം വാങ്ങി നല്‍കിയത് ദാതാക്കള്‍ തന്നെയാണ്.

വിജിലന്‍സ് വന്ന് പരിശോധന നടത്തിക്കഴിയുമ്ബോള്‍ ഇതൊരു റീബില്‍ഡ് മാതൃകയാണെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തന്റെ് പ്രതീക്ഷയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related posts

Leave a Comment