ന്യുഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര.
താരങ്ങള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറില്‍ ശനിയാഴ്ച രാവിലെ പിന്തുണയുമായി പ്രിയങ്കയെത്തി. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ഉള്ളടക്കം വ്യക്തമാക്കണമെന്നും പ്രധാനമന്ത്രിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യം താരങ്ങള്‍ക്കൊപ്പാണ്. എന്നാല്‍ പ്രധാനമന്ത്രി അവരോട് സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബ്രിജ് ഭൂഷണെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ രണ്ടാം തവണയാണ് സമരം നടത്തുന്നത്.
സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, കേസെടുത്തതിന്റെ പേരില്‍ ഫെഡറേഷന്‍ മേധാവി സ്ഥാനം രാജിവയ്ക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. താന്‍ നിരപരാധിയാണ്.
അന്വേഷണം നേരിടാന്‍ തയ്യാറാണ്. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണ്. കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു.
രാജിവയ്ക്കുന്നത് വലിയ കാര്യമല്ല. എന്നാല്‍ താന്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞിട്ടില്ല. കേസെടുത്തതിന്റെ പേരില്‍ രാജിവച്ചാല്‍, അവരുടെ ആരോപണങ്ങള്‍ താന്‍ അംഗീകരിച്ചുവെന്ന ധാരണയുണ്ടാകും.
എന്റെ കാലാവധി ഏറെക്കുറെ കഴിഞ്ഞു. പുതിയ സമിതിയെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 45 ദിവസത്തിനുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇതിനു ശേഷം തന്റെ കാലാവധി കഴിയുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ഗുസ്തി താരങ്ങള്‍ ഓരോ ദിവസവും അവരുടെ പുതിയ ആവശ്യങ്ങളുമായാണ് വരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആദ്യ ആവശ്യം.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, എന്നെ അറസ്റ്റു ചെയ്ത് ജയിലില്‍ അയക്കണമെന്നും പദവിയില്‍ നിന്ന് രാജിവയ്ക്കണമെന്നുമായി. ഞാന്‍ എംപിയായിരിക്കുന്നത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വഴിയാണ്.
അല്ലാതെ വിനേഷ് ഫോഗട്ട് വഴിയല്ല. എന്റെ കുടുംബാവും അഖാരയും ഹരിയാനയില്‍ നിന്നുള്ള 90% താരങ്ങളും തനിക്കൊപ്പമുണ്ട്. -ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി ഗുസ്തി താരങ്ങള്‍ ഒരു പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടില്ല. കായിക മന്ത്രാലയത്തിനോ ഫെഡറേഷനോ പരാതി ലഭിച്ചിട്ടില്ല. പ്രക്ഷോഭം തുടങ്ങുന്നതുവരെ അവര്‍ തന്നെ പുകഴ്ത്തിയാണ് സംസാരിച്ചിരുന്നത്.
അവരുടെ വിവാഹത്തിന് ക്ഷണിക്കുകയും തനിക്കൊപ്പം ഫോട്ടോ എടുക്കുകയും തന്റെ ആശീര്‍വാദം സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെയും ഡല്‍ഹി പോലീസിന്റെയും പക്കലാണ്. അവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
പ്രക്ഷോഭത്തിനു പിന്നില്‍ ചില വ്യവസായികളും കോണ്‍ഗ്രസുമാണെന്ന് തുടക്കത്തിലേ താന്‍ പറഞ്ഞിരുന്നു. ഇത് ഗുസ്തിക്കാരുടെ പ്രതിഷേധമല്ല. -അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ തങ്ങളെ ഒര രാഷ്ട്രീയ കക്ഷിയും പിന്തുണയ്ക്കുന്നില്ലെന്ന് പ്രതിഷേധിക്കുന്ന താരങ്ങളില്‍ ഒരാളായ സാക്ഷി മാലിക്ക് പറഞ്ഞു.
ഒരു പ്രായപുര്‍ത്തിയാകാത്ത കുട്ടിയടക്കം ഏഴ് താരങ്ങളാണ് ഡല്‍ഹി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്ത് മത്സരങ്ങള്‍ക്ക് പോകുമ്ബോഴും വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ്‍ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് പരാതി.
സുപ്രീം കോടതി ഇടപെട്ടതോടെ ഐപിസി 354, 354 (എ), 354 (ഡി), 34, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.