ഗുരുവായൂരില്‍ വീണ്ടും കല്യാണമേളം; ഇന്ന് ഒന്‍പത് വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ തുടങ്ങി. ഇന്ന് മുതലാണ് ഗുരുവായൂരില്‍ വീണ്ടും വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഓരോ വിവാഹത്തിലും പരമാവധി പത്ത് പേര്‍ക്ക് പങ്കെടുക്കാം. വധുവും വരനും അടക്കമാണിത്. സാമൂഹിക അകലം പാലിച്ചാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. ജൂണ്‍ നാല് (ഇന്നലെ) മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, ഇന്നലെ ആരും ബുക്കിങ് നടത്തിയിരുന്നില്ല.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്‌സ് സ്റ്റാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്‌ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെ പങ്കെടുപ്പിച്ച്‌ വിവാഹം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരു ദിവസം എത്ര വിവാഹങ്ങള്‍ നടത്താമെന്നു സംബന്ധിച്ച്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment