ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ ഡ്രോൺ കണ്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കുന്ന എസ്പിജി സംഘമാണ് ഡ്രോൺ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഡൽഹി പോലീസിനെ അറിയിക്കുകയും ചെയ്തു.ഡ്രോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതുവരെ ഡ്രോൺ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുണ്ട്.