ഗുണ്ടാ ബന്ധം: പൊലീസ് സ്റ്റേഷനില്‍ സ്വീപ്പറൊഴികെ എല്ലാവര്‍ക്കും സ്ഥലംമാറ്റം; SHO ഉള്‍പ്പടെ 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍; 24 പേരെ സ്ഥലംമാറ്റി

തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

എസ്‌എച്ച്‌ഒ ഉള്‍പ്പടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ സ്റ്റേഷനിലെ 24 പൊലീസുകാരെ സ്ഥലംമാറ്റിയിട്ടുണ്ട്.

സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഒഴികെ മുഴുവന്‍ പേര്‍ക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്.

ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ് പി ഡി ശില്പയുടേതാണ് നടപടി.

സ്ഥലംമാറ്റിയവര്‍ക്ക് പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

മംഗലപുരം സ്റ്റേഷനിലെ പോലീസുകാരുടെ ഗുണ്ടാ- മണല്‍ മാഫിയാ ബന്ധം പുറത്തായതിന് പിന്നാലെയാണ് കര്‍ശന നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം തിരുവനന്തപുരത്ത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പ് തലനടപടികള്‍ തുടരുകയാണ്.

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ മൂന്ന് പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

പീഡനക്കേസ് പ്രതികളെയും അന്വേഷണം അട്ടിമറിച്ചവരെയുമാണ് പിരിച്ചുവിട്ടത്.

ശ്രീകാര്യം ഇന്‍സ്പെക്ടറായിരുന്ന അഭിലാഷ് ഡേവിഡ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറുമായ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കടുത്ത നടപടി സ്വീകരിച്ചത്.

15 ദിവസത്തിനകം ഇവര്‍ക്ക് കാരണം കാണിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.ഓംപ്രകാശ് ഉള്‍പ്പടെയുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ. എസ്.പിമാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് D Y S P കെ.ജെ. ജോണ്‍സണ്‍, വിജിലന്‍സ് D Y S P എം പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുണ്ടാ ബന്ധത്തില്‍ നേരത്തെ നാല് സി.ഐമാരടക്കം 5 പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Related posts

Leave a Comment