കൊച്ചി: നഗരത്തിലെ കോളനികളിലൊന്നില്‍ ലഹരി മാഫിയയുടെ അക്രമവും ഗുണ്ടാവിളയാട്ടവും പതിവാകുന്നു. പൊലീസിലും മറ്റും പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോളനി നിവാസികള്‍ ആരോപിച്ചു. മയക്കുമരുന്ന് വില്പനയും ഗുണ്ടകളുടെ പിടിച്ചുപറിയും വര്‍ധിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല. കടവന്ത്ര പൊലീസിെന്റ മൂക്കിന് തുമ്ബത്തുള്ള കോളനിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാവുന്നത്. ഇതു സംബന്ധിച്ച് കടവന്ത്ര പൊലീസിലും കൊച്ചി സിറ്റി പൊലീസിെന്റ ലഹരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള യോദ്ധാവ് ആപ്പിലും പലതവണ പരാതി നല്‍കിയിട്ടും ലഹരി വിപണനവും ഗുണ്ടാ ആക്രമണവും തടയാനും അധികൃതര്‍ തയാറായില്ല.
കാപ്പ ചുമത്തി ‘നാടു കടത്തിയ’ വ്യക്തി പോലും കോളനിയില്‍ സ്വൈര വിഹാരം നടത്തുന്നുണ്ടെന്നാണ് പ്രദേശത്തെ പൊതു പ്രവര്‍ത്തകരുടെ ആക്ഷേപം. ദിവസങ്ങള്‍ക്കു മുമ്ബ് അക്രമികള്‍ രാത്രി കോളനിയിലൂടെ നടന്നുപോകുകയായിരുന്നയാളുടെ കൈയ്യില്‍ നിന്ന് പഴ്സ് തട്ടിപ്പറിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.
കോളനിയില്‍ തന്നെയുള്ള ചിലരാണ് മയക്കുമരുന്നിെന്റയും മറ്റും പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരുടെ സമാധാന ജീവിതത്തിന് തടസ്സം നില്‍ക്കുന്നവരെ പേടിച്ച് ആരും പരസ്യമായി രംഗത്തു വരാത്തതാണ് ഇവരുടെ ധൈര്യം. ഉപയോഗിച്ച് ഉപേക്ഷിച്ച മയക്കുമരുന്ന് സിറിഞ്ചുകള്‍ പ്രദേശത്ത് ധാരാളമായി കാണാം. സാമൂഹ്യ വിരുദ്ധരില്‍ പലരും മാസ്ക് പോലും വെക്കാതെയാണ് പൊതുവിടങ്ങളില്‍ കറങ്ങിനടക്കുന്നത്. പൊലീസ് വണ്ടിയോ മറ്റോ കണ്ടാല്‍ ഓടിയൊളിക്കും. ലഹരി ഉപയോഗിച്ച ശേഷം പരസ്പരം അടികൂടുന്നതും പതിവാണ്. പൊലീസ് ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.