ഗുണമില്ലേ…? എങ്കില്‍ ചൈനീസ് വേണ്ട, നിലപാട് കടുപ്പിച്ച്‌ ഇന്ത്യ, പരിശോധന കൊച്ചിയിലും

ന്യൂഡല്‍ഹി : ‘ചൈനീസ് സാധനമല്ലേ, ഇത്രയും പ്രതീക്ഷിച്ചാല്‍ മതി’യെന്നാണു പരക്കെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ സ്ഥിതി മാറും… ആപ് നിരോധനത്തിനു പിന്നാലെ ചൈനയ്ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം.

വിലക്കുറവുണ്ടെങ്കിലും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഉയരുന്ന വിമര്‍ശനം ഗുണനിലവാരത്തെക്കുറിച്ചാണ്. ചൈനയില്‍ നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, ഹെവി യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച്‌ മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു.

Related posts

Leave a Comment