അഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു.
പൂണെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം
സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
12ഓളം ജില്ലകളില്‍ നിലവില്‍ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 29 പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ 15 പേർ മരിക്കുകയും ചെയ്തു. എന്നാല്‍, പൂണെയിലെ വൈറോളജി ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ മരണങ്ങള്‍ക്ക് പിന്നില്‍ ചാന്ദിപുര വൈറസാണെന്ന് സ്ഥിരീകരിക്കാനാവു.
ആരവല്ലി ജില്ലയില്‍ അഞ്ച് വയസുകാരിയുടെ മരണത്തിനിടയാക്കിയത് ചാന്ദിപുര വൈറസാണ് പൂണെയിലെ വൈറോളജി ലാബ് സ്ഥിരീകരിച്ചിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നല്‍കുന്ന മുന്നറിയിപ്പ്.
കൂടുതല്‍ ജില്ലകളില്‍ രോഗബാധ പടരുന്ന സാഹചര്യത്തിലാണിത്.
അഹമ്മദാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളിലും രോഗം പടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഗരത്തിലെ സിവില്‍ ഹോസ്പിറ്റലില്‍ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച 29 പേരില്‍ 26 പേർ ഗുജറാത്തില്‍ നിന്നുള്ളവരാണ്. മധ്യപ്രദേശിലെ ഒരാള്‍ക്കും രാജസ്ഥാനില്‍ നിന്നുള്ള രണ്ട് പേർക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ജില്ലകളില്‍ 51,275 പേരെ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി അറിയിച്ചു.
എല്ലാ ജില്ലകള്‍ക്കും കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംശയം തോന്നുന്ന സാമ്ബിളുകള്‍ ഉടൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാൻ പ്രാദേശിക,
ജില്ലാ ആശുപത്രികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.