ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്‍കി; സ്റ്റേഷനില്‍ നിന്നെത്തിയതിന് പിന്നാലെ പൊലീസിനെതിരെ കത്തെഴുതിവച്ച്‌ യുവതി ആത്മഹത്യ ചെയ്തു

കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവച്ച്‌ ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീനാണ് മരിച്ചത്.

യുവതി ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയതിന് പിന്നാലെ ഒത്തുതീര്‍പ്പിനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് മൊഫിയയെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഈ സമയം ഭര്‍ത്താവിനെ മൊഫിയ അടിച്ചെന്നും, സ്റ്റേഷനില്‍വച്ച്‌ ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

തിരികെ വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ സംശയം തോന്നി വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തനിക്ക് നീതി ലഭിച്ചില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

പൊലീസ് മകളോട് മോശമായി സംസാരിച്ചിരുന്നുവെന്ന് മൊഫിയയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ ആലുവ ഡി വൈ എസ് പി അന്വേഷിക്കും. ആലുവ ഈസ്റ്റ് സി ഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി.

Related posts

Leave a Comment