ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.

സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെനറ്റംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സെനറ്റംഗങ്ങള്‍ ചാന്‍സലറായ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നായിരുന്നു ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്.

സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റംഗങ്ങള്‍ അനുസരിച്ചിരുന്നില്ല.

ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ സെനറ്റംഗങ്ങളെ പിന്‍വലിച്ചത്. കൂടാതെ സെര്‍ച്ച്‌ കമ്മിറ്റിയും അദ്ദേഹം രൂപീകരിച്ചിരുന്നു.

താനുമായി നിഴല്‍ യുദ്ധം ചെയ്തതുകൊണ്ടാണ് സെനറ്റംഗങ്ങളുടെ പ്രീതി പിന്‍വലിച്ചതെന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.

വ്യക്തിപരമായി ഗവര്‍ണര്‍ക്ക് പ്രീതി പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞാഴ്ച കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിന്‍ഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്.

വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോരിനിടയിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. ഇത് ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റംഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related posts

Leave a Comment