മനാമ> ഗള്ഫില് കൊറോണവൈറസ് കേസുകള് ഒരു ലക്ഷം കടന്നു. തിങ്കളാഴ്ചവരെ 1,01,610 പേര്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില് 560 പേര് മരിച്ചു. 27,267 പേര് രോഗമുക്തരായി.തിങ്കളാഴ്ച ഗള്ഫില് 19 പേര് മരിച്ചു. സൗദിയില് ഒന്പതും കുവൈത്തില് ഏഴും യുഎഇയില് മൂന്നും പേരാണ് മരിച്ചത്. ആറു ഗള്ഫ് രാജ്യങ്ങളിലായി 4,816 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 73,783 പേരാണ് ചികിത്സയില് കഴിയുന്നത്.
സൗദി-41,014, ഖത്തര്-23,623, യുഎഇ-18,878, കുവൈത്ത്-9,286, ബഹ്റൈന്-5,236, ഒമാന്-3,573 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്.
ഏഴ് മലയാളികള്കൂടി ഗള്ഫില് മരിച്ചു. കുന്നംകുളം കടവല്ലൂര് സ്വദേശി ബാലന് ഭാസി(60), എറണാകുളം മുളന്തുരുത്തി പെരുമ്ബിള്ളി സ്വദേശി ബെന്നി (53), നിലമ്ബൂര് മരുത സ്വദേശി സുദേവന്(52) എന്നിവര് സൗദിയിലെ ദമാമിലും കൊടുങ്ങല്ലൂര് കാവില്ക്കടവില് സൈമണ്(48) അബുദബിയിലും വക്കം സ്വദേശി സുശീലന് (60) ദുബായിലും കിളിമാനൂര് സ്വദേശി അബ്ദുല് റഷീദ്(60) ഷാര്ജയിലും കോഴിക്കോട് പെരുമണ്ണ പുളിക്കല് താഴം സ്വദേശി നുഹൈമാന് കാരാട്ട് മൊയ്തീന് (43) കുവൈത്തിലുമാണ് മരിച്ചത്.
സൗദിയില് മരിച്ച ഒന്പതു പേരില് ഏഴു പേര് വിദേശികള്. ഇതോടെ സൗദിയില് മരണ സംഖ്യ 255 ആയി. 1,966 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില് 62 ശതമാനവും വിദേശികള്. സൗദിയില് ഇതുവരെ 41,014 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗമുക്തി നേടിയവര് 12,737 ആയി. തിങ്കളാഴ്ച 1,280 പേര്ക്കാണ് രോഗമുക്തി. ഇതുവരെ 4,67,369 കോവിഡ് പരിശോധന രാജ്യത്ത് നടത്തി.
ഞായറാഴ്ച 13 മരണം റിപ്പോര്ട്ട് ചെയ്ത യുഎഇയില് തിങ്കളാഴ്ച മൂന്നു മരണവും 680 പുതിയ കേസുകളുമാണ് റിപ്പോര്ട്ട് ചെയ്തത്. 577 രോഗമുക്തിയും രേഖപ്പെടുത്തി. ആകെ മരണം 201 ഉം സ്ഥിരീകരിച്ച കേസുകള് 18,878 ഉം ആയി ഉയര്ന്നു. മൊത്തം രോഗം ഭേദമായവര് 5,381. 28.5 ശതമാനമാണ് രോഗമുക്തി. 26,763 കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.
മലയാളി ഉള്പ്പെടെ ഏഴു പേരാണ് തിങ്കളാഴ്ച കുവൈത്തില് കോവിഡിന് ഇരയായത്. ആകെ മരണം 65 ആയി. 159 ഇന്ത്യക്കാര് ഉള്പ്പെടെ 598 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം കോവിഡ് കേസുകള് 9,286 ആയി ഉയര്ന്നു. 3,376 ഇന്ത്യക്കാര്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഖത്തറില് 1,103 പേര്ക്കും ബഹ്റൈനില് 295 പേര്ക്കും ഒമാനില് 174 പേര്ക്കും പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു.