ബോളിവുഡ് ചിത്രങ്ങളായ ‘ഗലി ബോയി’യെയും ‘ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’. ചലച്ചിത്രങ്ങളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ (imdb) മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരന്‍പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ മകളായി എത്തിയത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയാണ് ‘പേരന്‍പ്’. നേരത്തേ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം പേരന്‍പ് കരസ്ഥമാക്കിയിരുന്നു.