നടി കൽപ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. നടിയുടെ വിയോഗ ശേഷം ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മി മനസുതുറന്നത്.
വിവാഹജീവിതത്തിൽ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് കൽപ്പന തന്നോട് മറച്ചുവെച്ചതെന്ന് അമ്മ വിജയലക്ഷ്മി പറയുന്നു. അതെല്ലാം കേട്ട് ഞാൻ വിഷമിച്ചാലോ എന്നോർത്ത് ആകാം കൽപ്പന പറയാതിരുന്നത്.
തന്റെ ജീവിതത്തിൽ വിവാഹ മോചനം സംഭവിച്ചാൽ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്. എനിക്കത് വലിയ വേദനയാകുമെന്ന് അവൾ ഭയന്നു.
എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളിൽ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.
2016 ലാണ് നടി കൽപ്പന അന്തരിച്ചത്. ഹൃദയാഘാതം മൂലം ഹൈദരാബാദിലായിരുന്നു അന്ത്യം. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കൽപ്പനയെ ആശുപത്രിയിലേക്കുമാറ്റുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
ഒരു അവാർഡ് നിശയുമായി ബന്ധപ്പെട്ടാണ് കൽപ്പന ഹൈദരാബാദിലെത്തിയത്. രാവിലെ മുറിയിലെത്തിയ റൂംബോയ് ആണ് കൽപ്പനയെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച കൽപ്പന ഹാസ്യവേഷങ്ങൾ അവതരിപ്പിക്കുന്നതിലൂടെയാണ് ശ്രദ്ധേയയായത്. ഹാസ്യത്തിനൊപ്പം ഗൗരവവേഷങ്ങളും കൽപ്പന ശ്രദ്ധേയമായി കൈകാര്യം ചെയ്തു.
“ചാർലി” എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2012ൽ “തനിച്ചല്ല ഞാൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് കൽപ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
1965 ഒക്ടോബർ അഞ്ചിനാണ് കൽപ്പന ജനിച്ചത്. ബാലതാരമായാണ് കൽപ്പന സിനിമയിൽ എത്തിയത്. നാടകപ്രവർത്തകരായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കൽപ്പന.
നടിമാരായ കലാരഞ്ജിനിയും ഉർവശിയും സഹോദരിമാരാണ്.1983ൽ എം.ടിയുടെ “മഞ്ഞ്” എന്ന ചിത്രത്തിലൂടെയാണ് കൽപ്പന സിനിമയിലെത്തിയത്.1985ൽ “ചിന്ന വീട്” എന്ന ചിത്രത്തിലൂടെ തമിഴിലും കൽപ്പന അരങ്ങേറി.