കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയര്‍ പറഞ്ഞു.
ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്.
കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
മഹിളാ കോണ്‍ഗ്രസിന്റെ പെട്ടി പ്രതിഷേധത്തെ വിമര്‍ശിച്ച മേയര്‍, മാനനഷ്ടകേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നും പറഞ്ഞു.
കത്തി വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നും പ്രതിഷേധിക്കുകയാണ്.
ബിജെപി -യുഡിഎഫ് കൗണ്‍സിലര്‍മാരാണ് നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. നഗരസഭയിലേക്ക് ഒബിസി മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം കത്ത് വിവാദത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കുക.
വിവാദമായ കത്ത് വ്യാജമാണെന്ന നിലപാട് നഗരസഭയും സിപിഐഎമ്മും ആവര്‍ത്തിക്കുന്നതിനിടെയാണ് അന്വേഷണ സംഘം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആനാവൂര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. കത്ത് കൃത്രിമമാണെന്ന മൊഴിയാണ് മേയര്‍ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയത്.